വരാനിരിക്കുന്ന ഓസ്‌ട്രേലിയൻ പര്യടനത്തിനുശേഷം ഇതിഹാസ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചേക്കാമെന്ന് മുൻ ഇന്ത്യൻ താരം മനോജ് തിവാരി പറഞ്ഞു. ഇരുവരും ഇതിനകം ടി20, ടെസ്റ്റ് ഫോർമാറ്റുകളിൽ നിന്ന് വിരമിച്ച സാഹചര്യത്തിൽ ഏകദിന ക്രിക്കറ്റിലും അവർ അധികം തുടരില്ല എന്നാണ് തിവാരി പറയുന്നത്.
രോഹിതിനെ ഏകദിന നായകസ്ഥാനത്ത് നിന്ന് മാറ്റി ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളുള്ള പരമ്പരയ്ക്ക് ശുഭ്മാൻ ഗിൽ പകരം നായകനാക്കി നിയമിച്ചതിലൂടെ തങ്ങൾ ഭാവിയിലേക്കാണ് നോക്കുന്നതെന്ന് ബിസിസിഐ പ്രഖ്യാപിച്ച് കഴിഞ്ഞു. 2027 ലെ ഏകദിന ലോകകപ്പിൽ കോഹ്‌ലിയും രോഹിതും പങ്കെടുക്കുന്നതിനെക്കുറിച്ച് ചീഫ് സെലക്ടർ അജിത് അഗാർക്കറും വ്യക്തമായ നിലപാട് പറഞ്ഞതും ഇല്ല .
“ഇന്ത്യൻ ക്രിക്കറ്റിന് വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും നൽകിയ സംഭാവനകൾ നോക്കിയാൽ, അവരോട് ഇങ്ങനെ പെരുമാറുന്നത് അനാദരവാണ്. വളരെ വേഗം, ഇരുവരും വിരമിക്കൽ പ്രഖ്യാപിക്കാൻ തീരുമാനിച്ചേക്കാം എന്ന് തോന്നുന്നു. ഒരുപക്ഷേ ഓസ്‌ട്രേലിയൻ പരമ്പരയ്ക്ക് ശേഷം.”
അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു:
“നിങ്ങൾ ഒരാളെ ക്യാപ്റ്റനായി നിയമിക്കുമ്പോൾ, മത്സരങ്ങളും പരമ്പരകളും ജയിക്കുക എന്നതാണ് ലക്ഷ്യം. രോഹിത് ശർമ്മ ഇതിനകം തന്നെ അത് നന്നായി ചെയ്തുകൊണ്ടിരുന്നു. ടീമിന്റെ പ്രകടനവും മികച്ചതായിരുന്നു. ഫലങ്ങൾ വന്നുകൊണ്ടിരുന്നു, അപ്പോൾ ഈ മാറ്റത്തിന്റെ ആവശ്യകത എന്തായിരുന്നു?”
യുഎഇയിൽ നടന്ന ഏറ്റവും പുതിയ ഏകദിന അസൈൻമെന്റായ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് രോഹിത്താണ്. ഇന്ത്യയുടെ ഏകദിന ക്യാപ്റ്റനെന്ന നിലയിൽ 75 എന്ന മികച്ച വിജയശതമാനവും ഉണ്ടായിരുന്നു, ക്യാപ്റ്റൻ എന്ന നിലയിൽ 56 മത്സരങ്ങളിൽ 42 എണ്ണത്തിലും അദ്ദേഹം വിജയിച്ചു.
Discussion about this post