ന്യൂഡൽഹി : ദീപാവലിക്ക് മുൻപായി മധുരപലഹാര നിർമ്മാണ കേന്ദ്രങ്ങളിൽ പരിശോധനയുമായി ഡൽഹി സർക്കാർ. പരിശോധനയിൽ മധുര പലഹാരങ്ങളിൽ വൻതോതിൽ മായം കലർത്തിയിട്ടുള്ളതായി കണ്ടെത്തി. ഉത്സവ സീസണിനോട് അനുബന്ധിച്ചുള്ള ഉയർന്ന ഡിമാൻഡ് മൂലമാണ് വ്യാജവും മായം കലർത്തിയതുമായ മധുരപലഹാരങ്ങൾ വില്പനയ്ക്ക് എത്തിച്ചിരുന്നത്.
കർശന പരിശോധനയ്ക്ക് പിന്നാലെ മായം കലർത്തിയ മധുര പലഹാരങ്ങൾ നിർമ്മിക്കുകയും വിൽപ്പന നടത്തുകയും ചെയ്ത 17 പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. പാൽ കേക്കുകൾ, കലക്കണ്ട് തുടങ്ങിയ മധുരപലഹാരങ്ങളിൽ കൂടിയ അളവിൽ സോഡിയം ഫോർമാൽഡിഹൈഡ് സൾഫോക്‌സിലേറ്റ് എന്ന രാസവസ്തു കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ മധുരപലഹാരങ്ങൾ നിർമ്മിച്ച ഫാക്ടറി ഉടമ ഉൾപ്പെടെ 17 പേരാണ് അറസ്റ്റിൽ ആയിരിക്കുന്നത്.
ഭക്ഷ്യ ഉൽപന്നങ്ങളിൽ സോഡിയം ഫോർമാൽഡിഹൈഡ് സൾഫോക്‌സിലേറ്റ് എന്ന രാസവസ്തു ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് ഡൽഹി ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആദിത്യ ഗൗതം പറഞ്ഞു. ഈ ഫോർമാൽഡിഹൈഡ് അർബുദം, ദഹനനാളത്തിലെ വിഷാംശം, അലർജികൾ, ശ്വസന പ്രശ്നങ്ങൾ എന്നിവയ്ക്കും മറ്റും കാരണമാകുന്നതാണ്. വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയ്ക്കുശേഷം മായം കലർന്നതായി കണ്ടെത്തിയ 2600 കിലോ മധുരപലഹാരങ്ങൾ ഡൽഹി പോലീസ് പിടിച്ചെടുത്തു.
Discussion about this post