ഇന്ത്യൻ ടി20 ടീമിന്റെ ക്യാപ്റ്റൻസി നഷ്ടപ്പെടുമോയെന്ന് ഭയമുണ്ടെന്ന് സൂര്യകുമാർ യാദവ്. നിലവിൽ ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യയുടെ നായകനായ ശുഭ്മാൻ ഗില്ലിന്റെ വളർച്ച തന്നെയാണ് അതിന് കാരണമെന്നും സൂര്യ പറഞ്ഞു. എന്നാൽ ആ ഭയം തന്നെ മികച്ച പ്രകടനം നടത്താൻ സഹായിക്കും എന്നുമാണ് സൂര്യകുമാർ പറഞ്ഞത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ:
‘ഗിൽ രണ്ട് ഫോർമാറ്റുകളിലും ക്യാപ്റ്റനായതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. സത്യം പറഞ്ഞാൽ ടി20 നായകസ്ഥാനം കൈവിടേണ്ടിവരുമോ എന്ന് പോലും എനിക്ക് ഭയമുണ്ട്, എന്നാൽ ആ ഭയമാണ് എന്നെ കൂടുതൽ മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കാൻ പ്രചോദിപ്പിക്കുന്നത്. കളിക്കളത്തിന് അകത്തും പുറത്തും ഗില്ലിനും ഇടയിൽ മികച്ച സൗഹൃദമാണുള്ളത്. ഗിൽ എത്തരത്തിലുള്ള കളിക്കാരനും മനുഷ്യനുമാണെന്ന് എനിക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വളർച്ചയിൽ ഞാൻ സന്തോഷിക്കുകയാണ് ചെയ്യുന്നത്’, ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സൂര്യ പറഞ്ഞു.
സൂര്യകുമാർ, നായകൻ എന്ന നിലയിൽ ടി 20 യിൽ മികച്ച വിജയങ്ങൾ നേടിയെങ്കിലും ഈ കാലയളവിൽ ബാറ്റ്സ്മാൻ എന്ന നിലയിൽ ഉള്ള താരത്തിൻറെ ഗ്രാഫ് വളരെ താഴേക്ക് പോയി എന്ന് കാണാൻ സാധിക്കും. ഏഷ്യാ കാപ്പിലടക്കം താരം വളരെ മോശം പ്രകടനമാണ് നടത്തിയത്. എന്നാൽ നായകൻ എന്ന നിലയിൽ അവിടെ ജയിക്കാനായത് താരത്തിന് ഗുണം ചെയ്തു.
ടി 20 യിൽ ലോകകപ്പ് കിരീടം നിലനിർത്താനിറങ്ങുന്ന ഇന്ത്യക്ക് സൂര്യകുമാറിന്റെ ഭാഗത്ത് നിന്നുള്ള മികച്ച പ്രകടനം അനിവാര്യമാണ്.
Discussion about this post