ശബരിമല സ്വർണ കൊള്ള വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ കോൺഗ്രസിൻറെ ജാഥാ ക്യാപ്റ്റൻ മുങ്ങുമോ? മൈക്ക് ഓഫ് ആക്കുന്ന സമയത്താണ് കെ മുരളീധരൻ വന്നതെന്ന് കെ സുരേന്ദ്രൻ പരിഹസിച്ചു. ശബരിമലയിലെ എസ്‌ഐടി അന്വേഷണം കോഴിയെ കുറുക്കനെ ഏൽപ്പിച്ച പോലെയാണ്. തിരക്കഥ അനുസരിച്ച് ആണ് അന്വേഷണം. എസ്‌ഐടി അന്വേഷണത്തിന് മുൻപ് പിണറായി കടകംപള്ളിയെ വിളിപ്പിച്ചു.എന്താണ് നടന്നത് എന്ന് പിണറായിക്ക് അറിയാമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തട്ടിപ്പിന്റെ പങ്ക് രാഷ്ട്രീയ നേതാക്കളിലേക്ക് പോയിട്ടുണ്ട്. പക്ഷെ അവരിലേക്ക് ഒന്നും അന്വേഷണം പോകില്ല. എല്ലാ തട്ടിപ്പും മന്ത്രി വാസവനും ദേവസ്വം പ്രസിഡൻറ് പി എസ് പ്രശാന്തിനും അറിയാം. കടകംപള്ളിക്ക് പോറ്റിയുമായി പല ഇടപാടുകളും ഉണ്ട്. പിണറായിക്കും പോറ്റിയെ അറിയാം. ശബരിമല ഉൾപ്പടെ ക്ഷേത്രങ്ങളിൽ നിന്ന് കൊള്ള നടത്താൻ സിപിഎം രാഷ്ട്രീയ തീരുമാനം എടുത്തിരുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു. ശബരിമലയിൽ അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾ വരുമെന്നും സുരേന്ദ്രൻ സൂചിപ്പിച്ചു. ഇവിടെ കൊള്ളയുടെ യഥാർത്ഥ കാര്യങ്ങൾ പുറത്തു വന്നില്ലെങ്കിൽ ഇവിടെ മറ്റ് ഏജൻസി ഉണ്ടെന്ന കാര്യം മറക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഭയങ്കര യോഗമാണ് മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന്, യോഗ ദണ്ഡ് തന്നെ അദ്ദേഹം അടിച്ചുമാറ്റി. സ്വർണം പതിപ്പിച്ച കട്ടിള ചെമ്പാണെന്ന് എൻ വാസുവും പത്മകുമാറും എഴുതിക്കൊടുക്കണമെങ്കിൽ കടകംപള്ളിക്ക് കാര്യം അറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു.വി എൻ വാസവനെ പായസം കുടിക്കാനാണോ മന്ത്രിയായി ഇരുത്തിയത്. പണം രാഷ്ട്രീയ നേതൃത്വത്തിലേക്ക് പോയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം ദേവസ്വം ഉദ്യോഗസ്ഥരെ മാത്രം ചോദ്യം ചെയ്യുമെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണോ ശബരിമല സ്വർണക്കൊള്ള നടന്നതെന്ന കാര്യം മാത്രമാണ് ഇനി ജനങ്ങൾക്ക് അറിയാനുള്ളത്. ആയിരം ഗംഗയിൽ മുങ്ങിയാലും പിണറായി വിജയന്റെ മേലുള്ള പാപക്കറ കഴുകി കളയാൻ കഴിയില്ല. പോറ്റിയിൽ മാത്രം ഒതുക്കി അന്വേഷണം അവസാനിപ്പിക്കാമെന്ന് വിചാരിക്കേണ്ട. ശരിയായ അന്വേഷണം നടക്കണം. വലിയ കുറ്റവാളികളെ രക്ഷപ്പെടുത്താനുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post