കോടതി നടപടികൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച സിപിഎം നേതാവിന് പിഴ വിധിച്ചു. കണ്ണൂർ തളിപ്പറമ്പിലാണ് സംഭവം. സിപിഎം നേതാവും പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്‌സണുമായ ജ്യോതിക്കാണ് പിഴ വിധിച്ചത്. 1000 രൂപ പിഴയൊടുക്കാനും കോടതി പിരിയും വരെ കോടതിയിൽ നിൽക്കാനും ഉത്തരവിട്ടു.
കോടതിയിലെ സാക്ഷി വിസ്താരത്തിനിടെ പ്രതികളുടെ ദൃശ്യം ചിത്രീകരിച്ചതിനാണ് നടപടി.ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ആർ.എസ്.എസ്- ബി.ജെ.പി.പ്രവർത്തകരായ 19 പ്രതികൾ കോടതിക്കുള്ളിലുണ്ടായിരുന്നു. കൊല്ലപ്പെട്ട ധനരാജിന്റെ ഭാര്യ എം.പി.സജിനി പ്രതികളെ തിരിച്ചറിയുന്നതിനിടയിലാണ് ചിത്രമെടുത്തത്. കോടതി വരാന്തയിൽ നിന്ന് ജനൽ ചില്ലുകൾക്കിടയിലൂടെ മൊബൈൽ ഫോൺ ഉപയോഗിക്കാൻ, ശ്രമിച്ചത്.ഉടനെ ഫോൺ കസ്റ്റഡിയിലെടുക്കാൻ കോടതി ആവശ്യപ്പെടുകയായിരുന്നു.
തളിപ്പറമ്പ് അഡീഷ്ണണൽ ജില്ലാ ജഡ്ജി കെ.എൻ.പ്രശാന്താണ് നടപടിയെടുക്കാൻ ഡിവൈഎസ്പി കെ.ഇ.പ്രേമചന്ദ്രനോടാവശ്യപ്പെട്ടത്. പോലീസ് ഉടൻ മൊബൈൽ ഫോൺ കസ്റ്ററ്റഡിയിലെടുത്തു. ജ്യോതിയെ വിളിച്ച് വരുത്തി മജിസ്‌ട്രേട്ട് വിശദീകരണം ചോദിച്ചു. ഫോട്ടോ എടുത്തില്ലെന്നായി മറുപടി. നേരിട്ട് കണ്ടതാണെന്ന് മജിസ്ട്രേട്ട് പറഞ്ഞു. കോടതി റിപ്പോർട്ട് കിട്ടിയാൽ തുടർനടപടിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post