സിബി മലയിലിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, മഞ്ജു വാര്യർ, ജയറാം എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പ്രദർശനത്തിനിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു സമ്മർ ഇൻ ബത്‌ലഹേം. ജയറാമിന്റെ രവിശങ്കറും സുരേഷ് ഗോപിയുടെ ഡെന്നീസും സഹായിയായ മോനായി എന്ന കഥാപാത്രമായി കലാഭവൻ മണിയും അടിച്ചുപൊളിച്ച് ആഘോഷ ജീവിതം നയിക്കുന്ന വീട്ടിലേക്ക് രവി ശങ്കറിന്റെ ബന്ധുക്കൾ ഒരു അവധിക്കാലം ആഘോഷിക്കാനെത്തുന്നു. തുടർന്ന് ഇവരുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്.
ചിത്രത്തിൽ മോഹൻലാലിൻറെ കഥാപാത്രമായ നിയരഞ്ജന്റെ അതിഥി വേഷത്തിനും വലിയ കൈയടിയാണ് കിട്ടിയത്. കുറഞ്ഞ സമയം കൊണ്ട് മിന്നിമറയുന്ന കഥാപാത്രത്തിന്റെ വരവോടെ ചിത്രം, ശരിക്കും അടുത്ത തലത്തിലേക്ക് എത്തുകയും ചെയ്തിരുന്നു. സുരേഷ് ഗോപിയും ജയറാമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയിൽ അവർക്ക് മുകളിൽ നിൽക്കുന്ന ഒരു കഥാപാത്രത്തെയാണ് ഗസ്റ്റ് റോളിൽ നോക്കിയത് എന്നും എങ്ങനെ അത് മോഹൻലാലിലേക്ക് വന്നെന്നും പറയുകയാണ് സിബി മലയിൽ:
” ചിത്രത്തിൽ നിഗൂഢതകൾ ഉള്ള കഥാപാത്രമായിരുന്നല്ലോ മഞ്ജുവിന്റെ അഭിരാമി. അവർ കാണാൻ ആഗ്രഹിക്കുന്ന ആ ആൾ ആരായിരിക്കണം എന്ന പല ചർച്ചകൾ ഉണ്ടായി. രജനികാന്തിന്റെയും, കമലിന്റെയും പേരുകൾ വരെ ഞങ്ങൾ നോക്കി. ആ സമയത്താണ് ഞാൻ രഞ്ജിത്തിനോട് ( തിരക്കഥാകൃത്ത്) എന്തുകൊണ്ട് നമുക്ക് മോഹൻലാലിനെ നോക്കി കൂടാ എന്ന് ചർച്ച ചെയ്തത്. ആ സമയത്ത് ലാൽ ഒരു പ്രകൃതി ചികിത്സയുടെ ഭാഗമായി ബാംഗ്ലൂരിൽ ആയിരുന്നു. എന്തായാലും നിർമ്മാതാവിന്റെ നിർദേശപ്രകാരം ഞാനും രഞ്ജിത്തും കൂടി ലാലിനോട് പോയി കഥ പറഞ്ഞു. അദ്ദേഹത്തിന് അത് ഇഷ്ടമായി. ലാലിന് ആ സമയത്ത് താടി ഉണ്ടായിരുന്നു. അത് വടിക്കാതെ നമുക്ക് ഇത് ചെയ്യാം എന്ന നിർദേശവും ലാൽ അംഗീകരിച്ചു.”
” മോഹൻലാൽ ചിത്രത്തിൽ ഉണ്ടെന്ന ഒരു സൂചന പോലും ആർക്കും ഇല്ലായിരുന്നു. പക്ഷെ ലാലിനെ കണ്ടതോടെ തീയേറ്റർ ഇളകിമറിഞ്ഞു. അതോടെ ചിത്രത്തിന്റെ ആവേശവും കൂടി.” സിബി ഓർത്തു.
മലയാളത്തിലെ ഏറ്റവും മികച്ച കാമിയോ റോളായിട്ടാണ് മോഹൻലാലിൻറെ നിരഞ്ജനെ ആളുകളെ കാണുന്നത്.













Discussion about this post