ഓസ്‌ട്രേലിയയ്‌ക്കെതിരായ നിർണായകമായ അഞ്ച് മത്സരങ്ങളുള്ള പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ടി20 വൈസ് ക്യാപ്റ്റനായ ശുഭ്മാൻ ഗില്ലിന് പിന്തുണയുമായി മുൻ ഇന്ത്യൻ ഓപ്പണറും ഗുജറാത്ത് ടൈറ്റൻസ് ബാറ്റിംഗ് പരിശീലകനുമായ പാർഥിവ് പട്ടേൽ. നിരവധി ഇന്ത്യൻ താരങ്ങൾക്ക് ടീമിൽ സ്ഥാനം ഉറപ്പിക്കാനുള്ള ഒരു പ്രധാന അവസരമായി ഈ പരമ്പര മാറും എന്നും പട്ടേൽ പറഞ്ഞു.
2025 ഏഷ്യാ കപ്പിൽ ഓപ്പണറായിട്ടും വൈസ് ക്യാപ്റ്റനായിട്ടും സ്ഥാനക്കയറ്റം കിട്ടിയ ഗിൽ ടൂർണമെന്റിൽ സമ്മിശ്ര പ്രകടനം കാഴ്ചവച്ചു. ഇന്ത്യ തോൽവിയറിയാതെ കിരീടം നേടിയപ്പോൾ, ഗിൽ ഏഴ് ഇന്നിംഗ്‌സുകളിൽ നിന്ന് 127 റൺസ് നേടി. 151.19 എന്ന മികച്ച സ്ട്രൈക്ക് റേറ്റ് നിലനിർത്തിയെങ്കിലും, അദ്ദേഹത്തിന്റെ മൊത്തത്തിലുള്ള പ്രകടനം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായി. പ്രത്യേകിച്ചും സഞ്ജു സാംസണെ ഓപ്പണറായി ഉൾപ്പെടുത്താൻ ഓർഡറിൽ നിന്ന് മാറ്റിയതിനുശേഷം.
“സത്യം പറഞ്ഞാൽ, അത്തരം ചർച്ചകൾക്ക് സമയമായിട്ടില്ല.” പാർഥിവ് പട്ടേൽ അഭിപ്രായപ്പെട്ടു. “ഐപിഎല്ലിൽ നടന്ന രണ്ട് മികച്ച സീസണുകൾക്ക് ശേഷമാണ് ഗിൽ ടീമിൽ ഇടം നേടിയത്. അദ്ദേഹം മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ശ്രദ്ധേയമായ നേതൃത്വഗുണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച കാര്യം ഇപ്പോൾ കഴിവുള്ള താരങ്ങളുടെ ആഴമാണ്. ചില താരങ്ങൾക്ക് ടീമിൽ സ്ഥാനം കിട്ടിയില്ല എന്നതിനെക്കുറിച്ച് നമ്മൾ എപ്പോഴും സംസാരിക്കാറുണ്ട്, പക്ഷേ സ്ഥാനം നഷ്ടമാകുന്നവർ കഴിവുള്ളവരാണ്. ഗില്ലിന് ഇത് അവസരമാണ്. അവൻ നന്നായി കളിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്” പട്ടേൽ പറഞ്ഞു.
“ഇന്ത്യൻ ക്രിക്കറ്റിൽ നമുക്കുള്ള അവിശ്വസനീയമായ ബെഞ്ച് ശക്തി കാരണം ഇതൊക്കെ മുന്നോട്ട് പോകുമ്പോൾ ഒരു സാധാരണ സംഭവമായിരിക്കും. സെലക്ഷനെക്കുറിച്ച് എപ്പോഴും ചർച്ചകൾ ഉണ്ടാകും .മുമ്പ് അത് സഞ്ജു സാംസണെക്കുറിച്ചായിരുന്നു, ഇപ്പോൾ അത് ജിതേഷ് ശർമ്മയായിരിക്കാം, അദ്ദേഹവും അസാമാന്യ കഴിവുള്ളയാളാണ്. ഇത് സംഭവിച്ചുകൊണ്ടിരിക്കും. കളിക്കാരെ പിന്തുണയ്ക്കുന്നതിലേക്ക് നമ്മുടെ ഊർജ്ജം നൽകുക. അവർ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് എന്റെ ഒരേയൊരു കാര്യം. കാരണം കളിക്കുന്നവരും കാത്തിരിക്കുന്നവരും ഒരുപോലെ കഴിവുള്ളവരാണ്.” പട്ടേൽ പറഞ്ഞു നിർത്തി.
ടെസ്റ്റിൽ മികച്ച പ്രകടനനങ്ങൾക്കിടയിലും ടി 20 യിലെ ഗില്ലിന്റെ പ്രകടനങ്ങൾക്ക് വിമർശനങ്ങൾക്ക് വിധേയമാകുന്നു.













Discussion about this post