മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്ത് ആരാണ് എന്ന് ചോദിച്ചാൽ നിങ്ങൾ ആരുടെ പേരാകും വരുന്നത്? പി. പത്മരാജൻ, എ. കെ ലോഹിതദാസ്, എം.ടി. വാസുദേവൻ നായർ, തുടങ്ങി അനേകം ആളുകളുടെ പേര് നീങ്ങളുടെ മനസിലേക്ക് വരാം. എന്നാൽ രണ്ട് സൂപ്പർഹിറ്റ് നടന്മാരുടെ കരിയർ മാറ്റി അവർക്ക് ഒരു പുതിയ ജീവിതം സമ്മാനിച്ച തിരക്കഥാകൃത്ത് ആരാണ് എന്ന് ചോദിച്ചാൽ ചിലപ്പോൾ നിങ്ങളുടെ മനസിലേക്ക് വരുന്നത് ചിലപ്പോൾ ഒരു പേരായിരിക്കും, ഡെന്നീസ് ജോസഫ്. അദ്ദേഹം ജീവിതം മാറ്റിയ ആ രണ്ട് സൂപ്പർ നടന്മാരുടെ പേര് പ്രത്യേകമായി പറയേണ്ടല്ലോ അല്ലെ, അതെ സാക്ഷാൽ മമ്മൂട്ടിയും മോഹൻലാലും.
കഷ്ടപ്പെട്ട് ജീവിതം മുന്നോട്ട് കൊണ്ടുപോയി ഒരു സമയം, അമേരിക്കയിലേക്ക് പോകാൻ നിന്ന ആളായിരുന്നു അന്ന് ഡെന്നീസ് ജോസഫ്. എന്നാൽ കാലം അയാളെ സിനിമാ ലോകത്തേക്കെത്തിച്ചു. 1985 ൽ ഈറൻ സന്ധ്യ എന്ന ജെസി സംവിധാനം ചെയ്ത സിനിമയിലൂടെ കരിയർ തുടങ്ങിയ ഡെന്നീസ് പിന്നാലെ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ നിറക്കൂട്ട്, ശ്യാമ എന്നീ ചിത്രങ്ങൾ ജോഷിക്കായി ഒരുക്കി. അങ്ങനെ മികച്ച സമയത്തിലൂടെ പോകുന്നതിനാൽ തന്നെ ഡെനീസിന്റെ തിരക്കഥയ്ക്ക് സംവിധായകരുടെ ആവശ്യങ്ങളുമേറി. ആ സമയം ജോഷി, മമ്മൂട്ടി നായകനായ ആ നേരം അൽപ്പ ദൂരം എന്ന സിനിമയുടെ സംവിധായകനായ തമ്പി കണ്ണന്താനത്തിനായി ഒരു തിരക്കഥ ഒരുക്കാൻ ഡെന്നീസിനോട് പറഞ്ഞു. തമ്പി മികച്ച സംവിധായകനായിട്ടും അവസാനം ചെയ്ത ചിത്രം പരാജയപ്പെട്ട് നിൽക്കുന്നു.
എന്തായാലും ചെറിയ ബഡ്ജറ്റിൽ തമ്പി തന്നെ നിർമ്മാതാവായ ഒരു പ്രൊജക്ടിനായി ഇരുവരും ഇരുന്നു. അവിടെ ‘ രാജാവിന്റെ മകൻ’ എന്ന സിനിമക്ക് പിറവിയെടുത്തു. നായകൻ തന്നെ വില്ലനുമാകുന്ന അപൂർവ്വം സിനിമകളിൽ ഒന്ന് എന്ന തീം ഇഷ്ടപെട്ട തമ്പിയാകട്ടെ ഈ ചിത്രം മമ്മൂട്ടിയെ നായകനാക്കി ചെയ്യാൻ തീരുമാനിച്ചു. അദ്ദേഹത്തിന് അത്ര അടുപ്പായിരുന്നു മമ്മൂട്ടിയോട്. എന്നാൽ അവസാന ചിത്രം പരാജയപ്പെട്ട തമ്പിയോടൊപ്പം ഒരു ചിത്രം ചെയ്യാൻ മമ്മൂട്ടിക്ക് താത്പര്യം ഉണ്ടായിരുന്നില്ല. ഈ സംഭവത്തെകുറിച്ച് ഡെന്നീസ് ജോസഫിന്റെ നിറക്കൂട്ടുകളില്ലാതെ എന്ന പുസ്തകത്തിൽ അദ്ദേഹം ചില കാര്യങ്ങൾ പറയുന്നുണ്ട്, എഴുതിയത് ഇങ്ങനെയാണ്:
“ഞാനും തമ്പിയും മമ്മൂട്ടിയെ ഒരുപാട് നിർബന്ധിച്ചിട്ടും മമ്മൂട്ടി സമ്മതിച്ചില്ല. ഒത്തിരി പറഞ്ഞിട്ടും അയാൾ സമ്മതിക്കാതെ ഇരുന്നതോടെ തമ്പിക്ക് വാശിയായി. മോഹൻലാലിനെ വെച്ച് ആ സിനിമ എടുക്കും എന്ന് അതോടെ തമ്പി തീരുമാനിക്കുന്നു. ലാലിനോടും അദ്ദേഹത്തിന് നല്ല അടുപ്പമുണ്ട്. അന്നത്തെ നിലയ്ക്ക് വേറൊരു നിർമാതാവാണെങ്കിൽ മമ്മൂട്ടി പിന്മാറിയാൽ തമ്പിയെ ഉപേക്ഷിച്ചു സ്ഥലം വിടും. പക്ഷേ, ഇവിടെ നിർമ്മാണം തമ്പിതന്നെയാണ്. അതിനാൽ അത് കുഴപ്പമില്ല. തമ്പി ഉടനെ മോഹൻലാലിനെ കാണാൻ പോയി. എനിക്ക് അക്കാലത്ത് മോഹൻലാലിനെ പരിചയമില്ല. ലാലിനെ ഒന്നു പരിചയപ്പെടാനും കഥ പറയാനുംവേണ്ടി ഞാനും കൂടെ പോയി.”
“എറണാകുളത്തെ ഇന്നത്തെ പി.വി.എസ്. ഹോസ്‌പിറ്റൽ അന്ന് കല്പക ഹോട്ടൽ. സിനിമാക്കാരുടെ താവളം. അവിടെ പത്മരാജൻ്റെ സിനിമയുടെ ഷൂട്ടിങ് നടക്കുകയാണ്. മോഹൻലാൽ നായകനായ ദേശാടനക്കിളി കരയാറില്ല ആണെന്നാണ് ഓർമ. അതിൻ്റെ ലൊക്കേഷനിൽ ഞാനും തമ്പിയും കൂടെ ചെന്നു. അവിടെവെച്ച് ഞാൻ മോഹൻലാലിനെ പരിചയപ്പെട്ടു. ലാലിനോട് ഞാൻ ചോദിച്ചു, ‘ഇന്ന് വൈകീട്ടോ നാളെയോ എപ്പോഴാ ഇതിന്റെ കഥ ഒന്നു കേൾക്കുന്നത്? അവിടെ മോഹൻലാൽ എന്നെ അമ്പരപ്പിച്ചുകളഞ്ഞു. എനിക്ക് അന്ന് ഒരു പരിചയവുമില്ലാത്ത ആൾ. അദ്ദേഹം അന്ന് സൂപ്പർസ്‌റ്റാറായിട്ടില്ല. എന്നാൽ, മമ്മൂട്ടി കഴിഞ്ഞാൽ അടുത്ത താരം എന്ന നിലയിൽ തിരക്കുള്ള നായകനാണ്. ശശികുമാർ സാറിൻ്റെ പത്താമുദയം പോലുള്ള വലിയ ഹിറ്റ് സിനിമകൾ അഭിനയിച്ചുകഴിഞ്ഞു. ലാൽ എന്നോടു പറഞ്ഞു, ‘ഏയ്… എനിക്ക് കഥയൊന്നും കേൾക്കേണ്ട.. നിങ്ങൾക്ക് ഒക്കെ അറിയാമല്ലോ.. പിന്നെ എന്തിനാ കഥ കേൾക്കുന്നത്? ഞാൻ റെഡിയാണ് എന്ന്’
“ഞങ്ങൾക്ക് അത് വലിയ പ്രോത്സാഹനമായിരുന്നു. മനസ്സ് തെളിഞ്ഞു. അങ്ങനെ മോഹൻലാലിനെ വെച്ച് സിനിമയെടുക്കാൻ ഞാൻ തിരക്കഥ എഴുതിത്തുടങ്ങി. ഇടയ്ക്കിടെ മമ്മൂട്ടി എൻ്റെ റൂമിൽ വരും. ഞാൻ എഴുതിവെച്ചിരിക്കുന്നത് എടുത്തു വായിക്കും. വായിക്കുക മാത്രമല്ല, വിൻസന്റ് ഗോമസ് എന്ന നായകകഥാപാത്രത്തിൻ്റെ ഡയലോഗ് മമ്മൂട്ടി സ്റ്റൈലിൽ, നടന്നു പറയാൻ തുടങ്ങി. ഞാൻ തമ്പിയോട് നമുക്ക് ഒരുവേള, ഇത് മമ്മൂട്ടി വരെ ചെയ്താൽ പോരെ എന്ന് വരെ ചോദിച്ചു. എന്നാൽ’ അവൻ ഫ്രീയായി അഭിനയിച്ചാലും ഇനി എന്റെ സിനിമകളിൽ ഉണ്ടാകില്ല എന്ന് തമ്പി പറഞ്ഞു”
അദ്ദേഹം എഴുതിയത് പോലെ തമ്പി കണ്ണന്താനത്തിന്റെ ആ വാശി മോഹൻലാൽ എന്ന താരരാജാവിന്റെ പിറവിയിലേക്ക് നയിച്ചു.













Discussion about this post