മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കളുടെ ലിസ്റ്റ് എടുത്താൽ അതിൽ മുന്നിൽ ഉണ്ടാകാൻ സാധ്യതയുള്ള ഒരു പേരാണ് ഡെന്നിസ് ജോസഫിന്റെ. ഈറൻ സന്ധ്യ എന്ന ചിത്രത്തിലൂടെ തിരക്കഥാ രംഗത്തേക്ക് എത്തിയ ഡെന്നിസ് ജോസഫ്, നിറക്കൂട്ട്, ശ്യാമ, രാജാവിന്റെ മകൻ, ഭൂമിയിലെ രാജാക്കന്മാർ, വഴിയോരക്കാഴ്ചകൾ, നായർ സാബ്, നമ്പർ 20 മദ്രാസ് മെയിൽ തുടങ്ങിയ സൂപ്പർഹിറ്റ് സൈനികളുടെ തിരക്കഥാകൃത്താണ് ഡെന്നീസ് ജോസഫ്. രണ്ട് മികച്ച നടന്മാരുടെ കരിയർ മാറ്റി അവർക്ക് ഒരു പുതിയ ജീവിതം സമ്മാനിച്ച ആളും ഡെന്നീസ് തന്നെ. മോഹൻലാലിന്റെ സൂപ്പർസ്റ്റാർ പദവിയിലേക്കുള്ള എൻട്രിയായ രാജാവിന്റെ മകൻ, തകർച്ചയിൽ നിന്ന് മമ്മൂട്ടിയെ തിരികെയെത്തിച്ച ന്യൂഡൽഹിയും പിറന്നത് ഡെനീസിന്റെ തൂലികയിൽ നിന്നാണ്.
കഷ്ടപ്പെട്ട് ജീവിതം മുന്നോട്ട് കൊണ്ടുപോയി ഒരു സമയം, അമേരിക്കയിലേക്ക് പോകാൻ നിന്ന ആളായിരുന്നു അന്ന് ഡെന്നീസ് ജോസഫ്. എന്നാൽ കാലം അയാളെ സിനിമാ ലോകത്തേക്കെത്തിച്ചു. 1985 ൽ ഈറൻ സന്ധ്യ എന്ന ജെസി സംവിധാനം ചെയ്ത സിനിമയിലൂടെ കരിയർ തുടങ്ങിയ ഡെന്നീസ് പിന്നാലെ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ നിറക്കൂട്ട്, ശ്യാമ എന്നീ ചിത്രങ്ങൾ ജോഷിക്കായി ഒരുക്കി. പിന്നാലെ ഏറ്റവും തിരക്കുള്ള തിരക്കഥാകൃത്തായി മാറി. പല മുൻനിര സംവിധായകരും അദ്ദേഹത്തിന്റെ ഡേറ്റ് കിട്ടാൻ കാത്തിരുന്നു. ആ കാലത്ത് മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ നടന്മാരുടെ സിനിമകൾ ഒരുക്കുന്ന തിരക്കിൽ ആയിരുന്ന സംവിധായകർക്കൊപ്പം പ്രവർത്തിച്ച ഡെന്നീസ് സിബി മലയിലിനായി മുൻനിര നായകന്മാർ ഇല്ലാത്ത ഒരു ചിത്രം ചെയ്യാൻ തീരുമാനിക്കുന്നു.
മുരളി നായകനാകുന്ന ആ സിനിമക്ക് ‘ ആകാശദൂത് എന്നാണ് പേര് നൽകിയത്. സിനിമ നേരിട്ട പ്രധാന പ്രശ്നം എന്തെന്നാൽ ആ സിനിമയിൽ നാല് കുട്ടികളുണ്ട്. അങ്ങനെ ഉള്ള സിനിമയിൽ ‘അമ്മ വേഷം ചെയ്യാനുള്ള നായികമാരെ കിട്ടുന്നില്ല. ഇതേക്കുറിച്ച് ഡെന്നീസ് പറയുന്നത് ഇങ്ങനെയാണ്:
“മുരളിയെ നായകകഥാപാത്രമായി ഞങ്ങൾ തീരുമാനിച്ചു. ഹീറോയിൻ പ്രശ്നമായി. കാരണം, മൂന്നും നാലും മക്കൾ. 12ഉം 10ഉം വയസ്സുള്ള കുട്ടികളുടെ അമ്മയായി അഭിനയിക്കണം. എന്നാൽ, സ്ഥിരം അമ്മവേഷത്തിൽ അഭിനയിക്കുന്ന ഒരാൾ പോരാ. വളരെ പ്രസരിപ്പുള്ള ഒരു ഹീറോയിനാണ്. രാവിലെ ഒരു മൊണാസ്‌റ്ററിയിൽ പോയി വയലിൻ പഠിപ്പിക്കുന്ന നായിക. അവർക്ക് മൂന്നുനാല് കുട്ടികളും, ഡ്രൈവറായ ഭർത്താവും. അതൊക്കെ യാണ്കഥയും പശ്ചാത്തലവും. സിബി മലയിൽ മലയാളത്തിലെ ഒട്ടുമിക്ക നായികമാരെയും സമീപിച്ചു. അവരാരും ഈ റോൾ അഭിനയിക്കാൻ തയ്യാറായില്ല. മറ്റു കാരണങ്ങളാണ് അവർ പറയുന്നത്. ഡേറ്റ് ഇല്ല പിള്ളേരുടെ പ്രായം ഒന്നു കുറയ്ക്കാമോ… അങ്ങനെയൊക്കെ. അങ്ങനെ ഒടുവിൽ ഞങ്ങൾ വടക്കൻ വീരഗാഥയിൽ ഒകെ അഭിനയിച്ച മാധവിയിലേക്കെത്തി. സബ്ജക്ട് കേട്ടപ്പോൾ അവർക്ക് ഇഷ്ടമായി “
“അങ്ങനെ സിനിമ റിലീസായി. എറണാകുളത്ത് ഒരു വലിയ തിയേറ്ററിൽ ഏറ്റവും ചെറിയ തിയേറ്ററായ ലുലുവിലാണ് കളിച്ചത്. ആദ്യത്തെ ഷോ യിക്ക് ഇരുപത്തിയഞ്ചുപേരിൽ കൂടുതലില്ല. നൂൺഷോയ്ക്ക് ആരുമില്ല, മാറ്റിനി ഇരുപത്തിയഞ്ചുപേർ, ഫസ്‌റ്റ്ഷോയ്ക്ക് പതിനഞ്ചുപേർ. അങ്ങനെ ആകെ കളക്ഷൻ കുറവാണെന്ന് എല്ലാ സ്ഥലത്ത് നിന്നും റിപ്പോർട്ടുകൾ വന്നു. എന്റെ അസിസ്‌റ്റൻറിനെ വിട്ടിട്ട് ഓരോ ഷോയ്ക്കും പത്തും ഇരുപത്തിയഞ്ചും ടിക്കറ്റ് എടുത്തിട്ട് രഹസ്യമായി കീറിക്കളയുമായിരുന്നു. കാരണം, ഒരു മൂന്നു ദിവസമാണ്. ഒരു റൈറ്റർ എന്ന നിലയ്ക്ക് അതിനപ്പുറം ഒന്നും എനിക്ക് അറിയാവുന്ന ഒന്നുരണ്ടു തിയേറ്ററുകളിൽ ഞാൻ എന്റെ ഷോ എങ്കിലും രക്ഷപ്പെടട്ടേ എന്നു കരുതി. ഇതിന് അപ്പുറം ഒന്നും ചെയ്യാനില്ലായിരുന്നു. ആകെ കാണുന്ന 10 പേരൊക്കെ സിനിമ കണ്ടതിന് ശേഷം നല്ല അഭിപ്രായമായിരുന്നു പറഞ്ഞിരുന്നത്”
“അങ്ങനെ രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോൾ എനിക്ക് ഒരു പരിചയ വുമില്ലാത്ത ഒരാൾ എറണാകുളത്തുനിന്ന് സിനിമ കണ്ടിട്ട് തിരിച്ച് വീട്ടി ലെത്തി എന്റെ നമ്പർ തപ്പിപ്പിടിച്ച് വിളിച്ചിരിക്കുകയാണ്. അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല. ‘ഡോക്ടർ കാലടി നമ്പൂതിരി’ എന്ന പ്രസിദ്ധ ആയുർവേദ ഡോക്ടർ. നടി ശ്രീലതയെ ആണ് അദ്ദേഹം കല്യാണം കഴിച്ചത്. കുന്ദം കുളത്ത് അതിപ്രശസ്‌തമായ രീതിയിൽ ചികിത്സ നടത്തുന്ന ആളാണ്. അദ്ദേഹം അതിനു മുൻപ് എഴുപതുകളിൽ എൻ. ശങ്കരൻ നായർ സംവി ധാനം ചെയ്ത വീരഭദ്രൻ എന്ന സിനിമയിൽ നായകനായി അഭിനയിച്ച ആളാണ്. എനിക്ക് ഒരു മുൻപരിചയവുമില്ല. കാലടി നമ്പൂതിരി എന്നെ വിളിച്ചിട്ട് ആകാശദൂതിനെക്കുറിച്ച് നല്ല അഭിപ്രായം പറയാൻ തുടങ്ങി. ഇത് അങ്ങനെയാണ്, അത് അങ്ങനെയാണ് എന്നൊക്കെ. ഡോക്ടർ കാലടി നമ്പൂതിരി വലിയ അഭിപ്രായം പറഞ്ഞപ്പോൾ ഞാൻ പെട്ടെന്ന് ചോദിച്ചു, “ഡോക്ടർ ഇപ്പോൾ പറഞ്ഞ കാര്യം ഡോക്ടറുടെ ലെ റ്റർഹെഡിൽ ഒന്ന് എഴുതിത്തരുമോ?’ ഡോക്ടർ ചോദിച്ചു, ‘അത് എന്തിനാണ്!! ‘ഒരു പരസ്യം ചെയ്യാനാ”
“പിറ്റേദിവസം രാവിലേതന്നെ ഡോക്ടർ പറഞ്ഞതുപോലെ എഴുതി കൊടുത്തയച്ചു. ഇതിനു മുൻപ് തലേരാത്രി ഈ വിവരം സിബിമലയിലിനോടും പ്രൊഡ്യൂസർ പ്രേംപ്രകാശിനോടും വിളിച്ചുപറഞ്ഞിരുന്നു. ‘അപ്പാപ്പന്റെ റിസ്ക്കിൽ ഒന്നുരണ്ടു പരസ്യംകൂടി ചെയ്യണം’ എന്നു പറഞ്ഞു. അപ്പാപ്പനും സമ്മതിച്ചു. ഡോക്ടർ കാലടി നമ്പൂതിരിയുടെ ലെറ്റർഹെഡ്ഡിലുള്ള, സിനിമയെക്കു റിച്ചുള്ള ഒരു കമന്റോടുകൂടിയാണ് അടുത്ത പരസ്യം വരുന്നത്. അതോടെ ആകാശദൂതിന്റെ കലക്ഷൻ വർധിക്കാൻ തുടങ്ങി. ഈ പരസ്യം വന്ന ആദ്യദിവസം നൂറുപേരായി, മാറ്റിനി ആയപ്പോൾ അത് ഇരുനൂറുപോരായി, സെക്കൻഡ്ഷോ ആയപ്പോൾ ഇരുനൂറ്റിയൻപ തുപേരായി. പിറ്റേദിവസം തുടങ്ങി തിയേറ്ററുകൾ ഇടിച്ചുകുത്തി ആളു വരാൻ തുടങ്ങി. മലയാളസിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്ന് കാലടി നമ്പൂതിരി സിനിമ കണ്ട് അങ്ങനെ ഒരു അഭിപ്രായം പറയുകയും ആകാശദൂത് ആകുന്ന നിലയിലേക്ക് കലക്‌ഷൻ വളർന്നു. അന്ന് ഡോക്ടർ അങ്ങനെ ഒരു കത്ത് എഴുതിത്തരുകയും അതിലൂടെ വീണ്ടും പരസ്യം ചെയ്യാമെന്ന് നിർമാതാക്കൾക്ക് തോന്നുകയും ചെയ്യാതെ രണ്ടാംദിവസം ഈ പടം നിർത്തിക്കളഞ്ഞിരുന്നെങ്കിൽ മലയാളസിനിമ കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായിത്തീർന്നേനെ ആകാശദൂത്.”
ലുക്കീമിയ ബാധിച്ച് ഗുരുതരാവസ്ഥയിലായി മരിക്കുന്ന ആനിയുടെ മക്കളെ അസുഖം തിരിച്ചറിയുന്ന വേളയിൽ അവർ ദത്ത് നൽകാൻ തീരുമാനിക്കുന്നതായിരുന്നു ചിത്രത്തിന്റെ കഥ. ചിത്രം മലയാളി പ്രേക്ഷകരെ മാത്രമല്ല കണ്ട എല്ലാവരെയും കരയിച്ചു കളഞ്ഞു എന്ന് പ്രത്യേകം പറയേണ്ടല്ലോ.













Discussion about this post