രാജ്യത്തെ നടുക്കിയ ഡൽഹി സ്‌ഫോടനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 12 ആയി.നിലവിൽ 20 ഓളം പേർ പരിക്കേറ്റ് ചികിത്സയിലാണ്. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനം ചാവേറാക്രമണമാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് കഴിഞ്ഞ ദിവസമുണ്ടായ ഭീകരമൊഡ്യൂളുകളുടെ നശീകരണമാണ് ചാവേറാക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സ്‌ഫോടനത്തിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുക്കും.
സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നു സംശയിക്കുന്ന ഫരീദാബാദ് ഭീകര ഘടകത്തിലെ അംഗമാണ് ഡോക്ടർ ഉമർ മുഹമ്മദ് എന്നാണ് നിഗമനം.സ്ഫോടനത്തിൽ തകർന്ന കാറിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ഇയാളുടേതാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി ഡിഎൻഎ പരിശോധന നടത്തുന്നുണ്ട്.ഡോ. ഉമർ മുഹമ്മദിന്റെ അമ്മയെയും രണ്ട് സഹോദരന്മാരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരിച്ചറിയലിനായി ഉദ്യോഗസ്ഥർ അവരുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചുവരികയാണ്.
സ്ഫോടനത്തിന് ഉപയോഗിച്ച കാർ വാങ്ങിയിട്ടുള്ളത് പുൽവാമ സ്വദേശിയായ താരിഖാണ്. ഇയാളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഫരീദാബാദ് ആസ്ഥാനമായുള്ള ഭീകര സംഘത്തിലെ പ്രധാന കണ്ണിയാണ് താരിഖ് എന്നാണ് സംശയിക്കുന്നത്.
കഴിഞ്ഞ ദിവസം, വിവിധ സംസ്ഥാനങ്ങളിൽ നടന്ന പരിശോധനയിൽ നാല് ഡോക്ടർമാരുൾപ്പെടെ ഏഴുപേരെയാണ് അറസ്റ്റ് ചെയ്തത്. 2,900 കിലോഗ്രാം അമോണിയം നൈട്രേറ്റ് ഉൾപ്പെടെയുള്ള സ്ഫോടകവസ്തു നിർമാണ സാമഗ്രികളും ആയുധങ്ങളും ഹരിയാനയിലെ ഫരീദാബാദിൽനിന്ന് കണ്ടെത്തിയിരുന്നു. പാകിസ്താനുൾപ്പെടെ വിദേശ രാജ്യങ്ങളിൽനിന്ന് നിയന്ത്രിക്കുന്ന ‘വൈറ്റ് കോളർ ഭീകര ശൃംഖല’യിലെ പ്രധാനികളാണ് അറസ്റ്റിലായതെന്ന് പോലീസ് പറയുന്നു.









Discussion about this post