ക്രിക്കറ്റിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് കളമൊരുങ്ങുന്നു. ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിലാണ് ഐസിസി പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്. ഏറെ വിവാദങ്ങൾക്ക് കാരണമായ ടു-ടയർ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നിർദേശത്തിന് പകരം 12 ഫുൾ ടൈം അംഗങ്ങളും 2027 സീസൺ മുതൽ ഒറ്റ ഡിവിഷനിൽ കളിക്കും എന്നതാണ് ഏറ്റവും വലിയ മാറ്റം. നിലവിൽ ഒമ്പത് ഫുൾ അംഗങ്ങൾ മാത്രമായിരുന്നു ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി മത്സരിച്ചിരുന്നത്. എന്നാൽ പുതിയ രീതിപ്രകാരം സിംബാബ്‌വെ, അഫ്ഗാനിസ്ഥാൻ, അയർലൻഡ് പോലെ ഉള്ള രാജ്യങ്ങളും ഇനി മുതൽ എലൈറ്റ് മത്സരങ്ങളുടെ ഭാഗമാകും. ഇത്രയും നാളും പദവി ഉണ്ടായിരുന്നിട്ടും ഈ മൂന്ന് രാജ്യങ്ങൾക്കും അതിനുള്ള അവസരം ഉണ്ടായിരുന്നില്ല.
“ടയർ 2 മോഡൽ തുടരണമെന്ന് നിർദേശം ഉണ്ടായി. എന്നാൽ ചില ടീമുകൾ അത് എതിർത്ത്. അതോടെയാണ് ഒറ്റ ഡിവിഷൻ എന്ന ആശയത്തിലേക്ക് വന്നത്” ഐസിസി വൃത്തങ്ങൾ പറഞ്ഞു. ടയർ 2 ആശയത്തിനെതിരായ എതിർപ്പ് പ്രധാനമായും പാകിസ്ഥാൻ, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നാണ് വന്നത്. ആ രീതി നടപ്പാക്കിയിരുന്നു എങ്കിൽ ഈ രാജ്യങ്ങൾ ടയർ 2 ലേക്ക് പോകുമായിരുന്നു. എന്തായാലും എല്ലാ ടീമുകളും ഒറ്റ ഡിവിഷനിലേക്ക് വരുമ്പോൾ ചെറിയ ടീമുകൾക്ക് ഇന്ത്യ, ഓസ്ട്രേലിയ പോലെ ഉള്ള വമ്പന്മാരുമായി ഏറ്റുമുട്ടാൻ കളമൊരുങ്ങും.
ടെസ്റ്റ് ക്രിക്കറ്റിലെ ഈ മാറ്റങ്ങൾ കൂടാതെ ഏകദിന ക്രിക്കറ്റിനെ കൂടുതൽ ആവേശകരമാക്കാനും ഐസിസി ശ്രമിക്കുന്നു. ഏകദിന സൂപ്പർ ലീഗ് ആരംഭിക്കാനാണ് ഐസിസി ആലോചിക്കുന്നത്. 2023 ലോകകപ്പിന് യോഗ്യത നേടുന്നതിനായി മുമ്പ് നടത്തിയ 13 ടീമുകളുടെ ഏകദിന സൂപ്പർ ലീഗ് ആ ടൂർണമെന്റിന് ശേഷം റദ്ദാക്കിയിരുന്നു. ഇത് തിരികെ കൊണ്ടുവന്നേക്കും.
ഐസിസി ടൂർണമെന്റുകളിൽ 50 ഓവർ ഫോർമാറ്റിന് ഇപ്പോഴും ശക്തമായ ആരാധകർ ഉണ്ടെന്ന് അധികൃതർക്ക് അറിയാം. എന്നാൽ ദ്വിരാഷ്ട്ര ഏകദിനങ്ങളിൽ പ്രധാന ടീമുകളുടെ മത്സരങ്ങൾക്ക് മാത്രമാണ് കാണികളുടെ തള്ളിക്കയറ്റം ഉള്ളത്. ഇതിനൊരു മാറ്റവും ഏകദിന മത്സരങ്ങളെ കൂടുതൽ ആവേശകരമാക്കാനും ഐസിസി ആഗ്രഹിക്കുന്നു.













Discussion about this post