സ്വന്തം മണ്ണിൽ ടെസ്റ്റ് പരമ്പര നടന്നാൽ അതിൽ അജയ്യരായി കുതിച്ചിരുന്ന ഇന്ത്യയെ ആയിരുന്നു ഈ കാലങ്ങളിൽ എല്ലാം നാം കണ്ടത്. സ്പിന്നിന് അനുകൂലമായ പിച്ചൊരുക്കി അവിടെ അശ്വിനും ജഡേജയുമൊക്കെ ഒരുക്കുന്ന മായാജാലത്തിലൂടെ ഇന്ത്യ എതിരാളികളെ കറക്കി വീഴ്ത്തിയിരുന്ന കാലം. എതിർ ടീമിലും നന്നായി സ്പിൻ എറിയുന്ന താരങ്ങൾ ഉണ്ടായിട്ടും അന്നൊക്കെ അതിനെ കൗണ്ടർ ചെയ്യുന്ന ബാറ്റ്‌സ്മാന്മാർ ഇന്ത്യക്ക് ഒരു അനുഗ്രഹം തന്നെ ആയിരുന്നു. ഈ അജയ്യ കുതിപ്പിന് ഒരു മാറ്റം വന്നത് ഇന്ത്യൻ മണ്ണിൽ കിവീസ് കഴിഞ്ഞ വർഷം നടത്തിയ ടെസ്റ്റ് പര്യാടനത്തോടെ ആയിരുന്നു.
ഇന്ത്യൻ മണ്ണിൽ ഇന്ത്യയെ തോൽപ്പിക്കാൻ ആരുമില്ല എന്ന് ഒരൽപ്പം അഹങ്കാരത്തോടെ പറഞ്ഞിരുന്ന ഇന്ത്യൻ ആരാധകരെ സാക്ഷിയാക്കി മൂന്ന് മത്സര ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയെ കിവീസ് തകർത്തെറിഞ്ഞു. വല്ലപ്പോഴും ഒരു തോൽവിയൊക്കെയാകാം എന്നാണ് ഇന്ത്യൻ ആരാധകർ ഇതിനെ ആദ്യം പറഞ്ഞത് എങ്കിലും അന്ന് തന്നെ സ്പിൻ നന്നായി കളിക്കാൻ അറിയുന്ന താരങ്ങളുടെ ദൗർബല്യം പതുക്കെ ശ്രദ്ധിച്ചു തുടങ്ങി. ഏകദിന, ടി 20 പരമ്പരകളിലെ വിജയകുതിപ്പുകൾ ഒരു സൈഡിൽ കൂടി കാണുമ്പോഴും ടെസ്റ്റിൽ എതിർ മടയിൽ പോയി ഇംഗ്ലണ്ടിനെ സമനിലയിൽ തളച്ചത് മികച്ച നേട്ടം ആയിരുന്നു എങ്കിലും സൗത്താഫ്രിക്കയുടെ ഇന്ത്യൻ ടെസ്റ്റ് പര്യടനം ഏവരും അന്ന് തന്നെ ഉറ്റുനോക്കിയതാണ്.
ലോക ടെസ്റ്റ് ചാമ്പ്യന്മാർ എന്ന നിലയിലുള്ള തങ്ങളുടെ പകിട്ട് കാണിച്ച അവർ ആദ്യ ടെസ്റ്റിൽ തുടക്കം പിന്നിൽ ആയിരുന്നു എങ്കിലും പിന്നെ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് തകർപ്പൻ വിജയം സ്വന്തമാക്കി. അവർ ഉയർത്തിയ ചെറിയ സ്കോർ പിന്തുടർന്ന ഇന്ത്യ കാഴ്ചക്കാരായി മാറുന്നതാണ് കാണാൻ സാധിച്ചത്. ഒരു ഉത്തരവാദിത്വവും കാണിക്കാത്ത ടോപ് ഓർഡറും, സ്പിൻ നന്നായി കളിക്കുന്ന താരങ്ങളുടെ കുറവുമൊക്കെ ഇതിൽ പ്രകടമായിരുന്നു. എന്തായാലും നാളെ തുടങ്ങുന്ന പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ഇന്ത്യക്ക് ജയിച്ചേ തീരൂ എന്ന അവസ്ഥയിലാണ് കാര്യങ്ങൾ. തൊട്ടാൽ സ്വന്തം മണ്ണിൽ തുടർച്ചയായ രണ്ടാം പരമ്പര തോൽവി മാത്രമല്ല അത് ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ മോഹത്തെയും തല്ലിക്കെടുത്തും.
എന്തായാലും ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ ടെസ്റ്റിൽ ബാറ്റിംഗിനിടെ പരിക്കുപറ്റിയ നായകൻ ശുഭ്മാൻ ഗില്ലും ഓൾ റൗണ്ടർ അക്സർ പട്ടേലും ഇലവനിൽ ഉണ്ടാകില്ല. ഇവർക്ക് പകരമായി സായ് സുദർശനും നിതീഷ് കുമാർ റെഡ്ഡിയും ടീമിലെത്തും. ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിക്കാൻ ഇവർക്ക് കിട്ടിയ മികച്ച അവസരം തന്നെയായിരിക്കും നാളെ തുടങ്ങുന്ന ടെസ്റ്റ് എന്ന് പറയും. ഉപനായകൻ പന്ത് നയിക്കുന്ന ടീമിൽ മറ്റ് മാറ്റങ്ങൾക്ക് സാധ്യതയില്ല.













Discussion about this post