ഐപിഎല്ലിൽ വർഷങ്ങളായി, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) പിന്തുടർന്നിരുന്ന മനോഭാവത്തെക്കുറിച്ച് മുൻ താരം മുഹമ്മദ് കൈഫ് ഒരു പ്രധാന വെളിപ്പെടുത്തൽ നടത്തി രംഗത്ത്. ബൗളർമാരെ അപേക്ഷിച്ച് ബാറ്റ്‌സ്മാൻമാർക്ക് തുടക്കത്തിൽ വളരെയധികം ബഹുമാനം നൽകിയിരുന്ന ടീമായിരുന്നു ആർസിബി എന്നും അദ്ദേഹം പറഞ്ഞു.
ബൗളിംഗിന്റെ കാര്യത്തിൽ ശരിയായ ബാലൻസ് കണ്ടെത്താൻ എപ്പോഴും പാടുപെടുന്ന ഒരു ബാറ്റിംഗ് ഹെവി ടീമായിരുന്നു ആർസിബി കുറെയധികം വർഷങ്ങളിൽ. മികച്ച ബോളർമാരുടെ അഭാവം ഈ കാലങ്ങളിൽ ടീമിനെ തളർത്തി. മുംബൈ ഇന്ത്യൻസ് (എംഐ), ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) പോലുള്ള ടീമുകൾ വിജയിച്ചത് അവരുടെ ടീമിന്റെ മനോഭാവം കൊണ്ട് ആയിരുന്നു എന്നും ആ മനോഭാവം ആർസിബിക്ക് ഇല്ലായിരുന്നു എന്നും കൈഫ് പറഞ്ഞു.
“മുമ്പ് ആർസിബിക്ക് ബാറ്റ്‌സ്മാന്മാരോട് വലിയ ബഹുമാനമായിരുന്നു. ക്രിസ് ഗെയ്ൽ, എബി ഡിവില്ലിയേഴ്‌സ്, വിരാട് കോഹ്‌ലി എന്നിവരെക്കുറിച്ച് ആരാധകർ എപ്പോഴും സംസാരിക്കാറുണ്ട്. ഞാൻ കളിക്കുന്ന സമയത്ത് ഒന്നോ രണ്ടോ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചില്ലെങ്കിൽ അവർ ബൗളർമാരെ മാറ്റിക്കൊണ്ടിരുന്നു. നീണ്ട മീറ്റിംഗുകൾ ഉണ്ടാകുമായിരുന്നു. നിങ്ങൾ എന്തിനാണ് ഇത് ചെയ്തതെന്നും അങ്ങനെ ചെയ്തതെന്നും എല്ലാവരും ബോളർമാരോട് ചോദിക്കും. എല്ലാവരും പരിഭ്രാന്തരാകും. അപ്പോൾ അവർക്ക് ഒന്നും മനസ്സിലാകില്ല. മുംബൈയും സിഎസ്‌കെയും അഞ്ച് തവണ വിജയിച്ചിട്ടുണ്ട്. ഈ രണ്ട് ടീമുകളും വളരെ കുറച്ച് മാത്രമേ പരിഭ്രാന്തരാകുന്നുള്ളൂ, അവർ ജയിച്ചാലും തോറ്റാലും ഒരേ ടീമിനെയാണ് ഇറക്കുന്നത്. എന്നിരുന്നാലും, ഇപ്പോൾ ആർസിബിയും ഒരുപാട് മാറി” അദ്ദേഹം തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
കഴിഞ്ഞ സീസണിൽ, ആർസിബി അവരുടെ കന്നി ഐപിഎൽ കിരീടം നേടിയപ്പോൾ, മനോഭാവത്തിൽ വലിയ മാറ്റം കാണപ്പെട്ടു. അവർക്ക് സന്തുലിതമായ ഒരു ടീം ആയിരുന്നു മികച്ച വിജയത്തിന്റെ പിന്നിലെ കാരണമെന്നും കൈഫ് പറഞ്ഞു.
“കോഹ്‌ലി പോലും പൂജ്യത്തിൽ പുറത്തായി, പക്ഷേ അദ്ദേഹം ഒരു മികച്ച ബാറ്റ്‌സ്മാനാണ്. തിരിച്ചുവരാൻ അദ്ദേഹത്തിന് അറിയാം, അവസരം ലഭിക്കുന്നു. പക്ഷേ പല കളിക്കാർക്കും അവസരം ലഭിച്ചില്ല, കാരണം മാറ്റങ്ങൾ നിരന്തരം വന്നിരുന്നു ഒരു സമയത്ത്. എന്തായാലും ആർസിബി ഇപ്പോൾ മികച്ച ടീമായി. കാരണം അവർ ഇപ്പോൾ ബൗളർമാർക്കും പ്രാധാന്യം നൽകുന്ന ടീമിനെ സൃഷ്ടിക്കുന്നു. ടീം കൂടുതൽ സന്തുലിതമായി ഇപ്പോൾ” അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രുനാൽ പാണ്ഡ്യ, സുയാഷ് ശർമ്മ എന്നീ രണ്ട് ബൗളർമാരുടെ ഉദാഹരണം കൈഫ് പ്രത്യേകം എടുത്തു പറഞ്ഞു. രണ്ട് സ്പിന്നർമാർക്ക് വ്യക്തമായ ഉത്തരവാദിത്തങ്ങൾ നൽകിയത് ടീമിന് ഗുണമായി എന്നും അദ്ദേഹം ഓർമിപ്പിച്ചു. “ക്രൂണാൽ പാണ്ഡ്യയ്ക്കും സുയാഷിനും ലഭിച്ച പിന്തുണ പോലെ, ഇതിനുമുമ്പ് ഒരിക്കലും സംഭവിച്ചിട്ടില്ല. ഇത്തവണ കളിക്കാർക്ക് നൽകിയ പോലെ പിന്തുണ ടീം ഒരിക്കലും മറ്റാർക്കും നൽകിയിട്ടില്ല” അദ്ദേഹം പറഞ്ഞു.
ബെംഗളൂരു കന്നി ഐപിഎൽ ട്രോഫിക്കായുള്ള 17 വർഷത്തെ കാത്തിരിപ്പിന് അവസാനമിട്ടു ഈ സീസണിൽ പഞ്ചാബ് കിങ്സിനെ തകർത്തെറിഞ്ഞ് വിജയകിരീടം സ്വന്തമാക്കുക ആയിരുന്നു.













Discussion about this post