ഇന്ത്യൻ പ്രീമിയർ ലീഗ് ലേല സമ്പ്രദായത്തിൽ നിന്ന് മാറി വർഷം മുഴുവനും ട്രേഡ് വിൻഡോകൾ നടപ്പിലാക്കണമെന്നും ഡ്രാഫ്റ്റ് സിസ്റ്റം നടപ്പിലാക്കണമെന്നും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ നിർദ്ദേശിച്ചു. ഐപിഎൽ അതിന്റെ ദൈർഘ്യം നിലവിലെ രണ്ടര മാസത്തിൽ നിന്ന് ആറ് മാസമായി വർദ്ധിപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിച്ച ഉത്തപ്പ, രണ്ട് തവണ ഐപിഎൽ കിരീടം നേടിയ താരമാണ്.
ഒരിക്കൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പും (കെകെആർ) ഒരിക്കൽ ചെന്നൈ സൂപ്പർ കിംഗ്‌സിനൊപ്പും (സിഎസ്‌കെ) അദ്ദേഹം കിരീടം നേടിയിട്ടുണ്ട്. കെകെആറിനൊപ്പം 660 റൺസ് ഓറഞ്ച് ക്യാപ്പ് നേടിയ സീസണും ഉൾപ്പെടെ 205 മത്സരങ്ങളിൽ നിന്ന് 4,952 ഐപിഎൽ റൺസുമായി, ലീഗ് കണ്ട മികച്ച താരങ്ങളിൽ ഒരാൾ തന്നെയാണ് ഉത്തപ്പ. ലീഗ് എങ്ങനെ വികസിക്കണം എന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെ:
“അവർ( ലീഗ് ) സ്റ്റാർട്ടപ്പ് ഘട്ടത്തിനപ്പുറം അതിനെ കൊണ്ടുപോകുന്നില്ല, അത് അമ്പരപ്പിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗാണ് ഐപിഎൽ. വളരാനും മുന്നോട്ട് പോകാനുമുള്ള സമയമാണിത്. ലേലം നിർത്തി ഒരു വർഷത്തേക്ക് ട്രേഡ് വിൻഡോ തുറന്നിടുക. ഒരു ഡ്രാഫ്റ്റ് അവതരിപ്പിച്ച് ലേലം ഒഴിവാക്കുക. ദൈവത്തെ ഓർത്ത്, ലേലം ഒഴിവാക്കുക. ഞാൻ കളിക്കുമ്പോൾ പോലും ഞാൻ ഇത് പറയുന്നുണ്ട്,” ഉത്തപ്പ പറഞ്ഞു.
“അവർ എന്റർടൈന്റ്‌ണ്മെന്റ് ആണ് ചിന്തിക്കുന്നത്. പക്ഷേ ഒരു ഡ്രാഫ്റ്റ് രീതി വ്യത്യാസം കൊണ്ടുവരും. അത് ആരാധകരെ ആകർഷിക്കുകയും വിശ്വസ്തത വളർത്തുകയും ചെയ്യും. അത് സാധ്യമാക്കുക. അന്താരാഷ്ട്ര മത്സരങ്ങൾക്കിടയിൽ ലീഗ് ആറ് മാസം നടത്തണമെന്ന് ഞാൻ പറയുന്നു. ലീഗ് വികസിക്കേണ്ട സമയമാണിത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഐപിഎൽ ലേലം ഡിസംബർ 16 ന് അബുദാബിയിൽ നടക്കും. ലേലത്തിന് മുന്നോടിയായി, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ ട്രേഡുകളിലൊന്ന് നടന്നു. രാജസ്ഥാൻ റോയൽസിന്റെ (ആർആർ) ദീർഘകാല വിക്കറ്റ് കീപ്പർ സഞ്ജു സാംസണെ അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് (സിഎസ്‌കെ)ടീമിലെത്തിച്ചു. പകരമായി, ആർആർ രവീന്ദ്ര ജഡേജയെയും സാം കറനെയും സ്വന്തമാക്കി.













Discussion about this post