കൊൽക്കത്തയിൽ നടന്ന ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ തോറ്റതിന് പിന്നാലെ പരിശീലകൻ ഗൗതം ഗംഭീർ പറഞ്ഞ അഭിപ്രായത്തെ എതിർത്ത് അജിൻക്യ രഹാനെ രംഗത്ത്. ഈഡൻ ഗാർഡൻസിലെ പിച്ചുകൾ ഇരു ടീമുകൾക്കും വെല്ലുവിളി നിറഞ്ഞതായിരിക്കുമ്പോൾ ബാറ്റ്‌സ്മാന്മാരെ കുറ്റപ്പെടുത്തുന്നത് അന്യായമാണെന്ന് രഹാനെ പറഞ്ഞു.
സ്വന്തം നാട്ടിൽ സ്പിന്നിന് അനുകൂലമായ പിച്ചുകൾ തിരഞ്ഞെടുത്തതിന് ഇന്ത്യൻ ടീം മാനേജ്‌മെന്റിനെ അജിങ്ക്യ രഹാനെ വിമർശിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ ടേണിംഗ് വിക്കറ്റുകൾ ഇപ്പോൾ ഇല്ലെന്നും അതിനാൽ തന്നെ അത്തരം സാഹചര്യങ്ങൾക്ക് ഇന്ത്യൻ ബാറ്റ്‌സ്മാന്മാർക്ക് തയ്യാറെടുപ്പ് ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം എടുത്തുപറഞ്ഞു.
കൊൽക്കത്തയിൽ നടന്ന ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ തോറ്റതിന് പിന്നാലെയാണ് ഗംഭീർ പിച്ചിനെ ന്യായീകരിച്ചുകൊണ്ട് രംഗത്ത് വന്നത്. ഇതൊക്കെയാണ് താൻ ആഗ്രഹിച്ച ട്രാക്ക് എന്നാണ് ഗംഭീർ പറഞ്ഞത്. ഇന്ത്യയിലെ ആഭ്യന്തര പിച്ചുകൾ പേസർമാർക്ക് അനുകൂലം ആണെന്നും അതിനാൽ തന്നെ അവിടെ റൺ നേടുന്ന താരങ്ങൾ സ്പിൻ പിച്ചിൽ കുഴഞ്ഞു പോകുമെന്നും രഹാനെ പറഞ്ഞു.
“ടെസ്റ്റ് മത്സരങ്ങളിൽ,നിങ്ങൾ സ്പിൻ പിച്ചുകൾ ഞങ്ങൾ സൃഷ്ടിക്കുന്നു. എന്നാൽ നിങ്ങൾക്ക് ഗുണനിലവാരമുള്ള സ്പിന്നർമാരുണ്ടെങ്കിൽ, ഏത് ട്രാക്കും അനുകൂലമാക്കാൻ പറ്റും. എന്നിരുന്നാലും, അവ എപ്പോൾ തിരിഞ്ഞ് തുടങ്ങുമെന്ന് അറിയേണ്ടത് പ്രധാനമാണ്. ആദ്യ ദിവസം മുതൽ തിരിയുന്ന വിക്കറ്റുകൾ നിങ്ങൾക്ക് വേണമെങ്കിൽ, ആഭ്യന്തര ക്രിക്കറ്റ് പിച്ചുകൾ സമാനമായിരിക്കണം,” രഹാനെ പറഞ്ഞു.
“ടെസ്റ്റ് മത്സരങ്ങളിൽ തിരിയുന്ന വിക്കറ്റുകളിൽ കളിക്കണമെങ്കിൽ കളിക്കാർക്ക് ആഭ്യന്തര ക്രിക്കറ്റിൽ സമാനമായ സാഹചര്യങ്ങൾ അനുഭവിക്കേണ്ടതുണ്ട്. സാധാരണയായി, ആഭ്യന്തര പിച്ചുകൾ പരന്നതോ സീമർമാർക്ക് അനുകൂലമോ ആണ്, വളരെ കുറച്ച് മാത്രമേ അത് സ്പിന്നിങ് അനുകൂലമാക്കാൻ സാധ്യതയുള്ളൂ.
“മാത്രമല്ല, സ്പിന്നിന് അനുകൂലമായ പിച്ചുകളിൽ കളിക്കുമ്പോൾ, നിങ്ങൾ വ്യത്യസ്തമായി തയ്യാറെടുക്കണം. ഇതിന് കളിക്കാരെ കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് ഞാൻ കരുതുന്നു. അവർ അത്തരം വിക്കറ്റുകളിൽ കളിച്ചിട്ടില്ല. അവർ ഇത്തരം പിച്ചുകളിൽ പരിശീലനം നടത്തുന്നില്ല,” അദ്ദേഹം ഉപസംഹരിച്ചു.
പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് തുടങ്ങുമ്പോൾ അതിൽ ജയിച്ച് മാനം രക്ഷിക്കുക ആയിരിക്കും ഇന്ത്യയുടെ ശ്രമം.













Discussion about this post