സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യൻ താരം സഞ്ജു സാംസൺ ആയിരിക്കും കേരള ടീമിനെ നയിക്കുക. വൈസ് ക്യാപ്റ്റനായി അഹമ്മദ് സുഹറാജി ഇമ്രാൻ തിരഞ്ഞെടുക്കപ്പെട്ടു. സഞ്ജുവിന്റെ സഹോദരൻ സാലി സാംസൺ, ഐപിഎൽ താരങ്ങളായ വിഘ്നേഷ് പുത്തൂർ, വിഷ്ണു വിനോദ് എന്നിവരും ടീമിലുണ്ട്.
മധ്യപ്രദേശിനെതിരായ പരിശീലന മത്സരത്തിൽ കളിച്ചതിനാലാണ് വിഘ്നേഷിനെ ടീമിൽ ഉൾപ്പെടുത്തിയതെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി. ഐപിഎൽ ലേലത്തിന് മുമ്പ് വിഘ്നേഷിനെ മുംബൈ ഇന്ത്യൻസ് ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. കഴിഞ്ഞ സീസണിൽ ലീഗിൽ മികച്ച പ്രകടനമായിരുന്നു താരം നടത്തിയത്. രഞ്ജി ട്രോഫി മത്സരത്തിനിടെ പരിക്കേറ്റ സൽമാൻ നിസാറിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ട്രേഡ് ഡീലുകൾ ഒന്നിലൂടെ ചെന്നൈ സൂപ്പർ കിങ്സിലെത്തിയ സഞ്ജുവിന് ശരിക്കും സന്തോഷിക്കാൻ വക നൽകുന്ന കാര്യം തന്നെയാണ് പുതിയ ഉത്തരവാദിത്വം. ടി 20 ടീമിൽ മാത്രമല്ല ഏകദിനത്തിലും സ്‌ഥാനം ഉറപ്പിക്കാൻ ഇവിടെ മികവ് കാണിച്ചാൽ സഞ്ജുവിന് സാധിക്കും എന്ന് ഉറപ്പാണ്.
ഈ മാസം 26 ന് ആയിരിക്കും മുഷ്താഖ് അലി ടൂർണമെന്റ് ആരംഭിക്കുക. മുംബൈ, വിദർഭ, ആന്ധ്രാപ്രദേശ്, റെയിൽവേസ് അസം, ഛത്തീസ്ഗഡ് തുടങ്ങിയ ടീമുകളും ഉൾപ്പെടുന്ന ഗ്രൂപ്പ് എയിലാണ് കേരളം. ഒഡീഷയാണ് കേരളത്തിന്റെ ആദ്യ എതിരാളി.
കേരള ടീം: സഞ്ജു സാംസൺ (ക്യാപ്റ്റനും വിക്കറ്റ് കീപ്പറും), അഹമ്മദ് സുഹാറാജി ഇമ്രാൻ (വൈസ് ക്യാപ്റ്റൻ), രോഹൻ കുന്നുമ്മൽ, മുഹമ്മദ് അസ്ഹറുദ്ദീൻ, വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പർ), കൃഷ്ണ ദേവൻ, അബ്ദുൾ ബാസിത്ത്, സാലി സാംസൺ, സൽമാൻ നിസാർ, കൃഷ്ണ പ്രസാദ്, സിബിൻ പി. കെ.എം, എം.ഡി നിധീഷ്, വിഘ്നേഷ് പുത്തൂർ, ഷറഫുദ്ദീൻ എൻ.എം













Discussion about this post