ഗുവാഹത്തിയിൽ നടക്കുന്ന സൗത്താഫ്രിക്കക്ക് എതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ വാഷിംഗ്ടൺ സുന്ദറിനെ ഒന്നാം സ്പിന്നറായി ക്യാപ്റ്റൻ ഋഷഭ് പന്ത് ആക്രമണത്തിലേക്ക് കൊണ്ടുവന്നത് ഒരു കടംവീട്ടലിന്റെ ഭാഗമായിട്ട് ആയിരുന്നു എന്ന് മുൻ ഇന്ത്യൻ സ്പിന്നർ മുരളി കാർത്തിക് പറഞ്ഞു. കൊൽക്കത്തയിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 30 റൺസിന് പരാജയപ്പെട്ടപ്പോൾ രണ്ട് ഇന്നിംഗ്സുകളിലുമായി ഒരു ഓവർ മാത്രമാണ് യുവ ഓഫ് സ്പിന്നർ പന്തെറിഞ്ഞത്.
എന്നിരുന്നാലും, ഇന്ന് തുടങ്ങിയ ടെസ്റ്റിന്റെ ആദ്യ ദിനം ഒന്നാം സ്പിന്നർ എന്ന നിലയിലാണ് സുന്ദർ വന്നത്. അത്രയൊന്നും സഹായം ബോളർമാർക്ക് കിട്ടാത്ത ട്രാക്കിൽ അത് കിട്ടാൻ താരം അമിതമായി സമ്മർദ്ദം ചെലുത്തിയെന്നും അത് അദ്ദേഹത്തിന് വിക്കറ്റ് നഷ്ടമാകാൻ കാരണമായെന്നും കാർത്തിക് വിശ്വസിക്കുന്നു.
“ഇന്നത്തെ ആദ്യ സ്പിന്നർ അദ്ദേഹം (സുന്ദർ) ആയിരുന്നു. കഴിഞ്ഞ മത്സരത്തിൽ അദ്ദേഹത്തെ ഉപയോഗിക്കാത്തതിന് ഒരു ക്ഷമാപണം പോലെയായിരുന്നു അത്. ചിലപ്പോൾ നിങ്ങൾ മൂന്നാമത്തെ സ്പിന്നറായിരിക്കുമ്പോൾ, പന്ത് ലഭിച്ചാലുടൻ, നിങ്ങൾക്ക് വിക്കറ്റ് ലഭിക്കാൻ ആഗ്രഹമുണ്ടാകും. കാരണം നായകൻ പെട്ടെന്നുതന്നെ നിങ്ങളെ പിൻവലിക്കാൻ അവിടെ സാധ്യതയുണ്ട്,” അദ്ദേഹം പറഞ്ഞു.
കാർത്തിക് കൂട്ടിച്ചേർത്തു:
“ഇന്ന് പന്ത് കിട്ടിയ ഉടൻ കുറെ എന്തൊക്കെയോ ചെയ്യാൻ സുന്ദർ ആഗ്രഹിച്ചു. അവന് പ്ലാനുകൾ ഒന്നും ഉണ്ടായിരുന്നില്ല. അതാണ് വിക്കറ്റ് കിട്ടാതെപോകാൻ കാരണമായത്.
സുന്ദർ തന്റെ 14 ഓവറുകളിൽ 36 റൺസ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റ് ഒന്നും ഇന്ന് കിട്ടിയില്ല. അതേസമയം ഗുവാഹത്തിയിൽ നടക്കുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിൽ ആദ്യ ദിനം ഇരുടീമുകളും ഒപ്പത്തിനൊപ്പം. കളിയവസാനിച്ചപ്പോൾ ആറ് വിക്കറ്റ് വിക്കറ്റ് നഷ്ടത്തിൽ 246 റൺസെടുത്തിട്ടുണ്ട് സന്ദർശകർ. സെനുരൻ മുത്തുസാമി (25), കെയ്ൽ വെറെയ്‌നെ (1) എന്നിവരാണ് ക്രീസിൽ. ഇന്ത്യക്കായി കുൽദീപ് മൂന്ന് വിക്കറ്റ് നേടി തിളങ്ങി.












Discussion about this post