കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) വിക്കറ്റ് കീപ്പർ റഹ്മാനുള്ള ഗുർബാസ് തന്റെ കരിയറിൽ താൻ കീഴിൽ കളിച്ചിട്ടുള്ള ഏറ്റവും മികച്ച പരിശീലകനായി ഗൗതം ഗംഭീറിനെ തിരഞ്ഞെടുത്തു. 2024 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) നേടിയ കൊൽക്കത്ത ടീമിന്റെ പരിശീലകനായിരുന്നു ഗൗതം ഗംഭീർ. അന്ന് ഗംഭീറിന്റെ കീഴിൽ കൊൽക്കത്ത അതിഗംഭീര പ്രകടനമായിരുന്നു നടത്തിയത്.
അന്താരാഷ്ട്ര ക്രിക്കറ്റിലും ഫ്രാഞ്ചൈസി ക്രിക്കറ്റിലും സജീവ സാന്നിധ്യമായ റഹ്മാനുള്ള ഗുർബാസ്, തന്റെ ക്രിക്കറ്റ് യാത്രയിലുടനീളം വിവിധ പരിശീലകരുടെ കീഴിൽ കളിച്ചിട്ടുണ്ട്. എന്നിരുന്നാലും, മികച്ച ടീം അന്തരീക്ഷം എങ്ങനെ സൃഷ്ടിച്ചു എന്നതിന്റെ പേരിൽ നിലവിലെ ഇന്ത്യൻ ഹെഡ് കോച്ചിനെ അദ്ദേഹം മറ്റെല്ലാവരേക്കാളും മുകളിലായി വിലയിരുത്തി.
ഓപ്പണർ ഫിൽ സാൾട്ട് ഇടക്ക് വെച്ച് മടങ്ങിയെങ്കിലും കെകെആറിന്റെ കിരീടം യാത്രയിൽ ഓപ്പണിംഗ് ബാറ്റ്‌സ്മാൻ ഒരു പ്രധാന പങ്ക് വഹിച്ചു. ക്വാളിഫയർ 1 ലും സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ (എസ്ആർഎച്ച്) നടന്ന ഫൈനലിലും അദ്ദേഹം മനോഹരമായ കാമിയോ റോൾ ചെയ്‌തു.
“എന്റെ കരിയറിൽ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മികച്ച പരിശീലകനും, മനുഷ്യനും, ഉപദേഷ്ടാവുമാണ് ഗംഭീർ. അദ്ദേഹം കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതി എനിക്ക് വളരെ ഇഷ്ടമാണ്,”ഗുർബാസ് പറഞ്ഞു.
“നല്ല ടീം അന്തരീക്ഷം ഉള്ളപ്പോൾ, നിങ്ങൾ എല്ലായ്പ്പോഴും ടോപ്പിൽ ആയിരിക്കും. അദ്ദേഹം ഞങ്ങൾക്ക് വളരെ മനോഹരമായ അന്തരീക്ഷം സൃഷ്ടിച്ചു. അതുകൊണ്ടാണ് ഞങ്ങൾ ടൂർണമെന്റ് വിജയിച്ചത്. അദ്ദേഹം കർശനക്കാരനല്ല, പക്ഷേ അദ്ദേഹം അച്ചടക്കമുള്ളവനാണ്. അച്ചടക്കത്തിന് വിരുദ്ധമായ എന്തെങ്കിലും സംഭവിക്കുമ്പോൾ മാത്രമേ അദ്ദേഹം കർശനക്കാരനാകൂ.” അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൗതം ഗംഭീറിന്റെ പരിശീലക പദവിയിലുള്ള തിരിച്ചുവരവ് ഒരു സീസണിന് ശേഷം അവസാനിച്ചു, താമസിയാതെ അദ്ദേഹത്തെ ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനായി എത്തുകയും ചെയ്തു.













Discussion about this post