ശനിയാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര വിജയത്തിന് ശേഷം പഞ്ചാബ് കിംഗ്‌സിന്റെ (പിബികെഎസ്) സോഷ്യൽ മീഡിയ ഹാൻഡിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ചർച്ചയാകുന്നു. അവർ പോസ്റ്റ് ചെയ്ത രസകരമായ വീഡിയോയിൽ വിരാട് കോഹ്‌ലിയും ഇന്ത്യൻ പേസർ അർഷ്ദീപ് സിംഗും പ്രത്യക്ഷപ്പെടുന്നു.
ഇന്നലെ നടന്ന മത്സരത്തിൽ ഒമ്പത് വിക്കറ്റിന്റെ മിന്നും വിജയമാണ് ഇന്ത്യ നേടിയത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 271 റൺസ് വിജയലക്ഷ്യം ഇന്ത്യ 39 .5 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നു. പരമ്പരയിൽ ഒപ്പത്തിനൊപ്പം നിന്നതിനാൽ തന്നെ ഇന്നലെ നടന്ന മത്സരത്തിൽ ജയിക്കേണ്ടത് ഇരുടീമുകൾക്കും അത്യാവശ്യമായിരുന്നു. മഞ്ഞുവീഴ്ചയുടെ പ്രശ്നങ്ങൾ ഉള്ളതിനാൽ തന്നെ ടോസ് നിർണായകമായ പോരാട്ടത്തിൽ 2 വർഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യക്ക് ഏകദിനത്തിൽ ടോസ് കിട്ടി എന്നൊരു പ്രത്യേകതയും ഉണ്ടായിരുന്നു.
ഡീ കോക്ക് നേടിയ സെഞ്ചുറിയുടെ മികവിൽ കളിയുടെ ഒരു ഘട്ടത്തിൽ കൂറ്റൻ സ്കോറിലേക്ക് നീങ്ങുക ആയിരുന്ന സൗത്താഫ്രിക്കയെ നാലുവീതം വിക്കറ്റുകൾ നേടിയ കുൽദീപും പ്രസീദും ചേർന്നാണ് തകർത്തത്. മറുപടിയായി, ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളും രോഹിത് ശർമ്മയും ആദ്യ വിക്കറ്റിൽ 155 റൺസ് കൂട്ടിച്ചേർത്തപ്പോൾ ജയ്‌സ്വാൾ സെഞ്ച്വറി നേടി, രോഹിത് 75 റൺസ് നേടി മടങ്ങി. 45 പന്തിൽ നിന്ന് 65 റൺസ് നേടിയ വിരാട് കോഹ്‌ലി മറ്റൊരു മനോഹര ഇന്നിംഗ്സ് കളിച്ചപ്പോൾ ടീമിന് വിജയം അനായാസമായി.
പരമ്പരയിലെ രണ്ട് മത്സരങ്ങളിൽ തുടർച്ചയായി രണ്ട് സെഞ്ച്വറികൾ നേടിയ ശേഷം മൂന്നാം മത്സരത്തിലിറങ്ങിയ കോഹ്ലി മറ്റൊരു സെഞ്ച്വറി നേടാനുള്ള സാധ്യത ഇന്നലെ ഉണ്ടായിരുന്നു. എന്നാൽ സൗത്താഫ്രിക്ക 270 റൺസ് മാത്രം എടുത്ത് ഒതുങ്ങിയതോടെ അത് നടന്നില്ല എന്ന് മാത്രം. അർഷ്ദീപിന്റെ ഐപിഎൽ ഫ്രാഞ്ചൈസിയായ പിബികെഎസ് പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, വിജയലക്ഷ്യം വലുതായിരുന്നെങ്കിൽ കോഹ്‌ലി തുടർച്ചയായ മൂന്നാം സെഞ്ച്വറി നേടുമായിരുന്നെന്ന് അദ്ദേഹം വിരാട് കോഹ്‌ലിയോട് പറഞ്ഞു.
” സഹോദരാ, ലക്ഷ്യം അത്ര വലുതായിരുന്നില്ല, അല്ലെങ്കിൽ നിങ്ങൾ ഒരു സെഞ്ച്വറി കൂടി ഉറപ്പായിട്ടും നേടുമായിരുന്നു” അർഷ്ദീപ് പറഞ്ഞു. എന്നാൽ ഇതിന് കോഹ്‌ലി കൊടുത്ത മറുപടി “നമ്മൾ ടോസ് ജയിച്ചതിൽ നന്ദിയുള്ളവരായിരിക്കുക, അല്ലെങ്കിൽ മഞ്ഞുവീഴ്ച്ചയിൽ നീ ഇന്ന് ബോളിങ്ങിൽ സെഞ്ച്വറി അടിക്കുമായിരുന്നു” അദ്ദേഹം പറഞ്ഞു.
രണ്ടാം മത്സരത്തിലും മൂന്നാം മത്സരത്തിലും എല്ലാം മഞ്ഞുവീഴ്ച്ച മത്സരഫലത്തിൽ വലിയ പങ്ക് വഹിച്ചിരുന്നു.
https://twitter.com/i/status/1997340050527596978












Discussion about this post