ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റനായി ടി20യിൽ തിരിച്ചെത്തിയതോടെ സഞ്ജു സാംസണെ പ്ലെയിങ് ഇലവനിൽ നിന്ന് ഒഴിവാക്കുന്നത് അനിവാര്യമായിരുന്നുവെന്നും മറ്റ് വഴികൾ ഒന്നും ഇല്ലായിരുന്നു എന്നും മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. 2025 ഏഷ്യാ കപ്പിന് മുമ്പ് സഞ്ജു സാംസണെ വിശ്വസിച്ച് ഓപ്പണിങ് റോളിൽ ഇറക്കിയിരുന്ന ടീം അദ്ദേഹത്തെ ഓപ്പണർ റോളിൽ നിന്ന് മധ്യനിരയിലേക്ക് മാറ്റി.
മധ്യനിരയിലെ മോശം പ്രകടനങ്ങൾക്ക് ശേഷം, ഓസ്‌ട്രേലിയൻ പര്യടനത്തിന്റെ മധ്യത്തിൽ സാംസണെ പ്ലെയിങ് ഇലവനിൽ നിന്ന് ഒഴിവാക്കി. ഇന്ത്യൻ പ്രീമിയർ ലീഗിലടക്കം ഫിനിഷിംഗ് കഴിവുകൾ കൊണ്ട് മികച്ച പ്രകടനം കാഴ്ചവച്ച ജിതേഷ് ശർമ്മ, കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്നലെ ആദ്യ ടി20യിൽ വിക്കറ്റ് കീപ്പർ സ്ഥാനം നേടി.
അഞ്ചാം നമ്പറിൽ തിളങ്ങാൻ സാധിക്കാത്തതും ഗിൽ ഓപ്പണറായി തുടരുന്നതും സഞ്ജുവിന് പണി ആണെന്നും അശ്വിൻ പറഞ്ഞു. “മത്സരത്തിന് മുമ്പ് സഞ്ജു കളിക്കണമെന്ന് ധാരാളം ചർച്ചകൾ ഉണ്ടായിരുന്നു, എന്തുകൊണ്ടാണ് അദ്ദേഹത്തെ കളിപ്പിക്കാത്തത്, അങ്ങനെ എല്ലാം. സഞ്ജുവിനെ ടീമിൽ നിന്ന് പുറത്താക്കുമ്പോഴെല്ലാം, എല്ലായ്പ്പോഴും ഒരു ചർച്ച ഉണ്ടാകാറുണ്ട്, അദ്ദേഹത്തിന് ന്യായമായ അവസരം ലഭിച്ചോ എന്ന ചോദ്യം, അങ്ങനെ എല്ലാം. ശുഭ്മാൻ ഗിൽ ടീമിലേക്ക് വന്ന നിമിഷം മുതൽ സഞ്ജുവിന് ഇലവനിൽ പ്രവേശിക്കാൻ എപ്പോഴും ബുദ്ധിമുട്ടായിരിക്കും എന്ന് ഉറപ്പായിരുന്നു” ആർ അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
“അഞ്ചാം സ്ഥാനത്ത് സഞ്ജു വേണ്ടത്ര കളിച്ചിട്ടില്ല. കിട്ടിയ അവസരത്തിൽ മികവ് കാണിക്കാൻ സാധിച്ചിട്ടുമില്ല. ഫിനിഷിംഗ് റോൾ ചെയ്യാൻ ജിതേഷ് ശർമ്മ ടീമിലുണ്ട്. ആർസിബിക്ക് വേണ്ടി അദ്ദേഹം വഹിച്ച റോൾ അതായിരുന്നു, അതിനാൽ സഞ്ജുവിന് അത് ബുദ്ധിമുട്ടായിരിക്കും. നിങ്ങൾ സഞ്ജുവിനെ കളിക്കുകയാണെങ്കിൽ, മൂന്നാം സ്ഥാനത്ത് കളിക്കുക, സ്പിന്നിനെതിരെ അവനെ ഉപയോഗിക്കുക,” അശ്വിൻ കൂട്ടിച്ചേർത്തു.
ഹൊബാർട്ടിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ വിജയത്തിൽ ജിതേഷ് ശർമ്മ 13 പന്തിൽ നിന്ന് 22 റൺസ് നേടിയിരുന്നു. കട്ടക്കിൽ ഇന്നലെ അഞ്ച് പന്തിൽ നിന്ന് 10 റൺസ് കൂടി നേടി വീണ്ടും മികച്ച പ്രകടനം കാഴ്ചവച്ചു.
2025-26 സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ (SMAT) ഗ്രൂപ്പ് ഘട്ടങ്ങളിലും ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാർസിൽ ഇന്ത്യയെ നയിച്ചപ്പോഴും വിക്കറ്റ് കീപ്പർ മികച്ച പ്രകടനം നടത്തി തിളങ്ങി.












Discussion about this post