ന്യൂഡൽഹി : രാം വിലാസ് വേദാന്തി അന്തരിച്ചു. ഭാരതീയ ജനതാ പാർട്ടിയുടെ മുൻ ലോക്സഭാ എംപിയും വിശ്വഹിന്ദു പരിഷത്തിന്റെ സമുന്നത നേതാവുമായിരുന്നു അദ്ദേഹം. രാമജന്മഭൂമി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ പ്രധാന വ്യക്തിത്വങ്ങളിൽ ഒന്നാണ്. വേദാന്തിയുടെ വിയോഗം സനാതന ധർമ്മത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
ബിജെപിക്ക് വേണ്ടി മത്സരിച്ച് ഉത്തർപ്രദേശിലെ പ്രതാപ്ഗഡിൽ നിന്നും വൻ ഭൂരിപക്ഷത്തോടെ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാവായിരുന്നു രാം വിലാസ് വേദാന്തി. പ്രാസംഗികൻ എന്ന നിലയിലാണ് അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. ആരോഗ്യനില മോശമായതിനെ തുടർന്ന് മധ്യപ്രദേശിലെ രേവ ജില്ലയിൽ വച്ചായിരുന്നു വേദാന്തി വിടവാങ്ങിയത്.
1998 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയും സിറ്റിംഗ് എംപിയുമായ രാജ്കുമാരി രത്‌ന സിങ്ങിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് രാം വിലാസ് വേദാന്തി പ്രതാപ്ഗഡ് മണ്ഡലം നേടിയെടുത്തത്. തന്റെ ജീവിതം മുഴുവൻ രാജ്യത്തിനും മതത്തിനും സമൂഹത്തിനും വേണ്ടി സമർപ്പിച്ച മഹനീയ വ്യക്തിത്വമാണ് വേദാന്തിയെന്ന് യോഗി ആദിത്യനാഥ് അനുസ്മരിച്ചു. “മരിച്ചുപോയ ആത്മാവിന് തന്റെ ദിവ്യ പാദങ്ങളിൽ സ്ഥാനം നൽകണമെന്നും ദുഃഖിതരായ ശിഷ്യന്മാർക്കും അനുയായികൾക്കും ഈ വലിയ ദുഃഖം സഹിക്കാൻ ശക്തി നൽകണമെന്നും ഞങ്ങൾ ഭഗവാൻ ശ്രീരാമനോട് പ്രാർത്ഥിക്കുന്നു,” എന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ വ്യക്തമാക്കി.









Discussion about this post