ദിസ്പുർ : അസമിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ താഴെ ഇറക്കുകയാണ് ലക്ഷ്യമെന്ന് കോൺഗ്രസ്. ഇതിനായി മറ്റ് 7 പാർട്ടികളുമായി ഒന്നിച്ച് തിരഞ്ഞെടുപ്പിനെ നേരിടും. അതേസമയം അസമിലെ പ്രതിപക്ഷത്തെ പ്രധാന പാർട്ടികളിൽ ഒന്നായ എഐയുഡിഎഫുമായി സഖ്യമുണ്ടാകില്ലെന്ന് അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും എംപിയുമായ ഗൗരവ് ഗൊഗോയ് അറിയിച്ചു. നിലവിൽ അസം നിയമസഭയിൽ ബിജെപിക്ക് 64 സീറ്റുകളും കോൺഗ്രസിന് 22 സീറ്റുകളും ആണ് ഉള്ളത്.
റൈജോർ ദൾ, അസം ജാതിയ പരിഷത്ത് എജെപി, അഞ്ചാലിക് ഗണ മോർച്ച (എജിഎം), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, സിപിഐ (മാർക്സിസ്റ്റ്), സിപിഐ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്), ഓൾ-പാർട്ടി ഹിൽ ലീഡേഴ്‌സ് കോൺഫറൻസ് എന്നിവയാണ് കോൺഗ്രസിനോട് ഒപ്പം ചേരുന്ന ഏഴ് പാർട്ടികൾ. നിലവിലെ സർക്കാരിന്റെ ദുർഭരണത്തിൽ നിന്നും അടിച്ചമർത്തലിൽ നിന്നും അസമിലെ ജനങ്ങളെ മോചിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഗൗരവ് ഗൊഗോയ് സൂചിപ്പിച്ചു.
2021 ലെ അസം നിയമസഭാ തിരഞ്ഞെടുപ്പിൽ നിലവിലെ കേന്ദ്രമന്ത്രിയായ സർബാനന്ദ സോനോവാളിന്റെ നേതൃത്വത്തിൽ ആയിരുന്നു ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. 126 അംഗ നിയമസഭയിൽ എൻഡിഎ മുന്നണി ആകെ 75 സീറ്റുകളാണ് നേടിയത്. ഇത്തവണ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിലാണ് ബിജെപി അസം തിരഞ്ഞെടുപ്പിനെ നേരിടുന്നത്.









Discussion about this post