2026 ലെ ഐപിഎൽ ലേലത്തിൽ ശ്രീലങ്കൻ പേസർ മതീഷ പതിരണയെ ₹18 കോടിക്ക് വാങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെക്കുറിച്ച് (കെകെആർ) ചില കാര്യങ്ങൾ പറഞ്ഞ് മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത്. ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) ഈ സീസണിൽ ടീമിൽ നിന്ന് ഒഴിവാക്കിയ പതിരണക്കായി ആവേശ ലേലം വിളികളാണ് ടീമുകൾ നടത്തിയത്.
മുൻ സീസണിലൊക്കെ ടീമിനായി മികച്ച സംഭാവന നൽകിയിട്ടുള്ള പതിരണ കഴിഞ്ഞ സീസണിൽ നിരാശപ്പെടുത്തുകയായിരുന്നു. 12 മത്സരങ്ങളിൽ നിന്ന് 10 ൽ കൂടുതൽ എക്കണോമിയിൽ 13 വിക്കറ്റുകൾ മാത്രമേ നേടിയിട്ടുള്ളൂ. എന്നിരുന്നാലും, ഐപിഎല്ലിൽ 32 മത്സരങ്ങളിൽ നിന്ന് 22 ന് താഴെയുള്ള ശരാശരിയിലും 8.68 എക്കണോമിയിലും 47 വിക്കറ്റുകൾ നേടിയ പതിരണയ്ക്ക് മികച്ചൊരു ഐപിഎൽ റെക്കോഡുണ്ട്.
കെകെആർ പതിരണയെ സ്വന്തമാക്കിയതിനെക്കുറിച്ച് തന്റെ യൂട്യൂബ് ചാനലിൽ ശ്രീകാന്ത് ഇങ്ങനെ പറഞ്ഞു :
“പതിരണ ഒരു വലിയ റിസ്‌കുള്ള കളിക്കാരനാണ്. അദ്ദേഹം ഒരു ഹിറ്റ് ആൻഡ് മിസ് ബൗളറാണ്. എന്നാൽ മുസ്തഫിസുർ റഹ്മാനെയും വാങ്ങി കെകെആർ ഒരു മികച്ച നീക്കം നടത്തി. മുസ്തഫിസുർ ഉള്ളപ്പോൾ പതിരണയ്ക്ക് പകരക്കാരനെയും അവർ കണ്ടെത്തി. ബ്രാവോയുടെ സാന്നിധ്യത്തിൽ പതിരണ കെകെആറിലേക്ക് പോകുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ വിലയും അദ്ദേഹത്തിന് വേണ്ടി പോയ ടീമുകളുടെ എണ്ണവും എന്നെ അത്ഭുതപ്പെടുത്തി.”
അദ്ദേഹം തുടർന്നു:
“എൽഎസ്ജി 18 കോടി വരെ കൊടുത്ത് അദ്ദേഹത്തെ സ്വന്തമാക്കാൻ ശ്രമിച്ചു. 18 കോടിക്ക് വാങ്ങാൻ അദ്ദേഹം അത്ര വലിയ ബൗളറാണോ? കഴിഞ്ഞ ഐപിഎൽ സീസണിൽ അദ്ദേഹത്തിന്റെ പ്രകടനം വളരെ സാധാരണമായിരുന്നു. ഒരു മോശം സീസണിന് ശേഷം പല കളിക്കാരെയും ടീമുകൾ ഒഴിവാക്കാറുണ്ട്. ഫ്രേസർ മക്ഗുർക്കിനെപ്പോലുള്ള ഒരാൾ ഒരു സീസണിൽ മികച്ച പ്രകടനം കാഴ്ചവച്ചില്ല, അദ്ദേഹത്തെ ആരും വാങ്ങിയില്ല. ഡെവൺ കോൺവേയുടെ കാര്യത്തിലും അങ്ങനെ തന്നെ.”
കാമറൂൺ ഗ്രീനിന് ശേഷം ഇന്നലെ ഏറ്റവും കൂടുതൽ പണം വാരിയ താരമായിരുന്നു പതിരണ, അദ്ദേഹത്തെ ₹25.20 കോടി രൂപയ്ക്ക് അവർ സ്വന്തമാക്കി. ബംഗ്ലാദേശ് ഇടംകൈയ്യൻ പേസർ മുസ്തഫിസുർ റഹ്മാനെ ₹9.20 കോടി രൂപയ്ക്ക് സ്വന്തമാക്കി ഫ്രാഞ്ചൈസി അവരുടെ ബൗളിംഗ് വിഭാഗം കൂടുതൽ മികച്ചതാക്കി.












Discussion about this post