ഐപിഎൽ 2026 സീസണിൽ മലയാളി താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്‌സിന്റെ (CSK) വൈസ് ക്യാപ്റ്റൻ ആയേക്കുമെന്ന വാർത്തകൾ പുറത്തുവരുന്നു. രാജസ്ഥാൻ റോയൽസിൽ നിന്ന് ഒരു ചരിത്രപരമായ ട്രേഡിലൂടെയാണ് സഞ്ജു ചെന്നൈയിലെത്തിയത്. രാജസ്ഥാൻ റോയൽസ് നായകനായിരുന്ന സഞ്ജുവിനെ സ്വന്തമാക്കാൻ രവീന്ദ്ര ജഡേജയെയും സാം കറനെയും വിട്ടുകൊടുത്താണ് സിഎസ്കെ ട്രേഡ് പൂർത്തിയാക്കിയത്. ഐപിഎൽ ചരിത്രത്തിലെ തന്നെ മികച്ച ട്രേഡുകളിൽ ഒന്നായിട്ടാണ് ഇതിനെ നോക്കി കാണുന്നത്.
നിലവിലെ റിപ്പോർട്ടുകൾ പ്രകാരം റുതുരാജ് ഗെയ്‌ക്‌വാദ് നായകനായി തുടരുമ്പോൾ സഞ്ജുവിനെ ഉപനായകനായി നിയമിക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചതായാണ് സൂചന. എം.എസ്. ധോണി തന്റെ കരിയറിന്റെ അവസാന ഘട്ടത്തിൽ നിൽക്കുന്നതിനാൽ, ടീമിനെ നയിക്കാൻ പരിചയസമ്പന്നനായ ഒരു ഇന്ത്യൻ താരം വേണമെന്ന സിഎസ്കെയുടെ താൽപ്പര്യമാണ് സഞ്ജുവിലെത്തിയത്. അതിനാൽ തന്നെയാണ് ധോണി ഉള്ളപ്പോൾ തന്നെ അദ്ദേഹത്തിന്റെ കൂടി നിർദേശപ്രകാരം മിനി ലേലത്തിൽ തന്നെ ചെന്നൈ സഞ്ജുവിനെ ഒപ്പം കൂട്ടിയത്, ഭാവിയിൽ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്കും സഞ്ജുവിനെ പരിഗണിച്ചേക്കാം.
വിക്കറ്റ് കീപ്പറായും ടോപ്പ് ഓർഡർ ബാറ്ററായും സഞ്ജു ചെന്നൈ നിരയിൽ നിർണ്ണായകമാകും. സിഎസ്കെ ഇതുവരെ ഔദ്യോഗികമായി വൈസ് ക്യാപ്റ്റനെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ടീമിനോട് അടുത്ത വൃത്തങ്ങൾ ഈ സാധ്യത സ്ഥിരീകരിക്കുന്നുണ്ട്.












Discussion about this post