ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ് അടുക്കവെ മുഹമ്മദ് യൂനസിന്റെ തണലിൽ രൂപംകൊണ്ട നാഷണൽ സിറ്റിസൺ പാർട്ടി കടുത്ത ആഭ്യന്തര കലഹത്തിലേക്ക്. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥികൾ രൂപീകരിച്ച ഈ പാർട്ടി, ഇപ്പോൾ ഇസ്ലാമിക തീവ്രവാദ സംഘടനയായ ജമാഅത്ത്-ഇ-ഇസ്ലാമിയുമായി പരസ്യമായി അവിശുദ്ധ സഖ്യത്തിന് നീക്കം നടത്തുന്നത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.
മുഹമ്മദ് യൂനസിന്റെ കടുത്ത പിന്തുണയുള്ളതിനാൽ ‘കിംഗ്സ് പാർട്ടി’ എന്ന് വിശേഷണമുള്ള എൻസിപി, ബംഗ്ലാദേശിലെ പരമ്പരാഗത രാഷ്ട്രീയ ശക്തികളായ ബിഎൻപിക്കും ജമാഅത്തിനും പുറത്ത് ഒരു മൂന്നാം ബദൽ ആകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് അടുത്തതോടെ പാർട്ടിയുടെ അടിത്തറ ഇളകിയിരിക്കുകയാണ്. ഡിജിറ്റൽ മേഖലയിൽ വലിയ സ്വാധീനമുണ്ടെന്ന് അവകാശപ്പെടുമ്പോഴും,താഴെത്തട്ടിൽ സ്വാധീനമില്ലാത്ത എൻസിപി ഇപ്പോൾ നിലനിൽപ്പിനായി തീവ്രവാദികളുമായി കൈകോർക്കുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
350 സീറ്റുകളുള്ള പാർലമെന്റിൽ ഭൂരിപക്ഷം സീറ്റുകളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന എൻസിപി, ഇപ്പോൾ വെറും 30 സീറ്റുകൾക്കായി ജമാഅത്തിന് മുന്നിൽ കീഴടങ്ങിയിരിക്കുകയാണ്. ഈ നീക്കത്തിൽ പ്രതിഷേധിച്ച് പാർട്ടിയുടെ പ്രമുഖ നേതാവും ജമാഅത്ത് വിരുദ്ധ പക്ഷക്കാരനുമായ മിർ അർഷാദുൽ ഹഖ് രാജിവെച്ചു. എൻസിപിയുടെ ജോയിന്റ് മെമ്പർ സെക്രട്ടറിയും ചാറ്റോഗ്രാം യൂണിറ്റ് ചീഫ് കോർഡിനേറ്ററുമായിരുന്നു അദ്ദേഹം.
ജമാഅത്തുമായി സഖ്യമുണ്ടാക്കുന്ന ഓരോ സീറ്റിനും പാർട്ടിക്ക് 1.5 കോടി ടാക്ക വീതം ലഭിക്കുമെന്ന ഞെട്ടിക്കുന്ന ആരോപണവും ഇതിനിടെ ഉയർന്നിട്ടുണ്ട്. “യുവജന രാഷ്ട്രീയത്തിന്റെ ശവക്കുഴി തോണ്ടാൻ എൻസിപി തീരുമാനിച്ചു” എന്നാണ് ഹസീന വിരുദ്ധ പ്രക്ഷോഭത്തിലെ ഒരു വിദ്യാർത്ഥി നേതാവ് ഈ ചതിയെ വിശേഷിപ്പിച്ചത്. പ്രീ-പോൾ സർവേകളിൽ ബിഎൻപി ) വ്യക്തമായ മുന്നേറ്റം നടത്തുമ്പോൾ, ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയ താരിഖ് റഹ്മാന്റെ സാന്നിധ്യം അവർക്ക് കരുത്ത് കൂട്ടുന്നു. എൻസിപിയിലെ ഒരു വിഭാഗം താരിഖ് റഹ്മാനുമായി ചർച്ചകൾക്ക് ശ്രമിച്ചെങ്കിലും ബിഎൻപി അവരെ ഗൗരവത്തിലെടുത്തിട്ടില്ല.
മുഹമ്മദ് യൂനസ് എൻസിപിയോട് പരസ്യമായ ചായ്‌വ് കാണിക്കുന്നുവെന്ന വിമർശനം ശക്തമാണ്. സ്വന്തം മന്ത്രിസഭയിൽ എൻസിപി നേതാക്കൾക്ക് ഉപദേഷ്ടാക്കളായി പദവി നൽകിയതും പരിഷ്കരണ കമ്മീഷനുകളിൽ അവരെ തിരുകിക്കയറ്റിയതും ഭാരതവിരുദ്ധ ചേരികൾക്ക് ബംഗ്ലാദേശിൽ വേരോട്ടമുണ്ടാക്കാനാണെന്ന ആക്ഷേപമുണ്ട്. ഹസീനയുടെ അവാമി ലീഗിനെ തിരഞ്ഞെടുപ്പിൽ നിന്ന് വിലക്കിയ യൂനസ്, ജമാഅത്തിനെപ്പോലെയുള്ള തീവ്രവാദ സംഘടനകൾക്ക് വഴിതുറന്നു കൊടുക്കുന്നത് ദക്ഷിണേഷ്യയിലെ തന്നെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഭാരതീയ ദേശീയവാദികൾ ചൂണ്ടിക്കാട്ടുന്നു.
ബംഗ്ലാദേശിൽ ഇസ്ലാമിക തീവ്രവാദത്തിന് വഴിയൊരുക്കുന്ന ‘കിംഗ്സ് പാർട്ടി’യുടെ പതനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വലിയൊരു മാറ്റത്തിന് കാരണമായേക്കാം. ഹസീനയെ പുറത്താക്കിയ യുവാക്കളുടെ സ്വപ്നങ്ങൾ ഇസ്ലാമിക അജണ്ടകൾക്കായി എൻസിപി പണയം വെക്കുമ്പോൾ, ബംഗ്ലാദേശ് മറ്റൊരു അനിശ്ചിതത്വത്തിലേക്കാണ് നീങ്ങുന്നത്.













Discussion about this post