വിജയ് ഹസാരെ ട്രോഫിയിൽ ജാർഖണ്ഡിനെതിരായ മത്സരത്തിൽ 90 പന്തിൽ സെഞ്ച്വറി നേടി സഞ്ജു സാംസൺ വലിയ ഒരു സ്റ്റേറ്റ്മെന്റ് തന്നെ പറഞ്ഞിരിക്കുകയാണ്. ഇതോടെ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പർ സ്ഥാനത്തിനായുള്ള മത്സരത്തിലേക്ക് സഞ്ജുവും ഔദ്യോഗികമായി കടന്നുവന്നിരിക്കുകയാണ്.
അഹമ്മദാബാദിലെ എഡിഎസ്എ റെയിൽവേ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ജാർഖണ്ഡ് ഉയർത്തിയ 312 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന് വേണ്ടി സഞ്ജു ഉജ്ജ്വലമായി ബാറ്റ് ചെയ്തു. ഓപ്പണറായി ഇറങ്ങിയ അദ്ദേഹം 90 പന്തിൽ നിന്നാണ് തന്റെ സെഞ്ച്വറി പൂർത്തിയാക്കിയത്. സഞ്ജുവിനൊപ്പം ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റൻ രോഹൻ കുന്നുമ്മലും 59 പന്തിൽ സെഞ്ച്വറി നേടി കേരളത്തിന് മികച്ച തുടക്കം നൽകി.
95 പന്തിൽ 101 റൺസ് നേടി പുറത്തായ സഞ്ജുവിന്റെ ബാറ്റിൽ നിന്ന് 9 ഫോറും 3 സിക്‌സും പിറന്നു. ഉടൻ പ്രഖ്യാപിക്കുന്ന കിവീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജുവിന് സാധ്യതകൾ ഒന്നും തന്നെ ഇല്ല എന്ന് പറഞ്ഞവർക്ക് മുന്നിൽ താൻ അവസാനം കളിച്ച ലിസ്റ്റ് എ യിലെ രണ്ട് മത്സരത്തിലും സെഞ്ച്വറി നേടി നെഞ്ചും വിരിച്ച് നിൽക്കാൻ താരത്തിനായിരിക്കുകയാണ്. അവസാനം കളിച്ച ലിസ്റ്റ് എ മത്സരം സൗത്താഫ്രിക്കക്ക് എതിരെ രണ്ട് വർഷം മുമ്പ് നടന്നതായിരുന്നു എന്ന് കൂടി ഓർക്കണം.
ഫോർമാറ്റിൽ വളരെ കുറച്ച് മാത്രം അവസരം കിട്ടിയിട്ടും അതിൽ എല്ലാം തിളങ്ങിയ സഞ്ജുവിനെ പോലെ ഒരു താരത്തെ ഇനി എന്ത് പറഞ്ഞ് തഴയും എന്ന് മാത്രമാകും സെലക്ടർമാർ ചിന്തിക്കുക. അതേസമയം മത്സരത്തിലേക്ക് വന്നാൽ 8 വിക്കറ്റിന്റെ ഗംഭീര ജയമാണ് കേരളം സ്വന്തമാക്കിയത്.













Discussion about this post