ഡല്‍ഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പു തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെ നേതാക്കളുമായി നടത്തുന്ന യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. വിഎം സുധീരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നു നീക്കണമെന്ന് എ, ഐ ഗ്രൂപ്പുകള്‍ ഇന്നത്തെ യോഗത്തില്‍ ആവശ്യപ്പെടും. അതേ സമയം സര്‍ക്കാരിന് എതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ ആണ് പരാജയത്തിന് കാരണം എന്ന വിമര്‍ശനവും യോഗത്തില്‍ ഉണ്ടാകും. ഉച്ചക്ക് രണ്ടരയ്ക്കാണ് യോഗം ആരംഭിക്കുക.
ഏകദേശം 70 ഓളം നേതാക്കളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. മുന്‍ കെപിസിസി പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, ഡിസിസി പ്രസിഡന്റുമാര്‍, എം പിമാര്‍, എംഎല്‍എമാര്‍, കഴിഞ്ഞ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ പോഷക സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കും. സംഘടന ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളും പുനസംഘടനയും ചര്‍ച്ചയാവും.
ഡിസിസി പ്രസിഡന്റുമാര്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരുമായി നാളെ രാഹുല്‍ ഗാന്ധി പ്രത്യേകം ചര്‍ച്ച നടത്തും. ഇവരില്‍ നിന്ന് അഭിപ്രായം ആരാഞ്ഞ ശേഷം പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണിയുമായി കൂടിയാലോചിച്ച ശേഷമായിരിക്കും രാഹുല്‍ ഗാന്ധി തീരുമാനങ്ങള്‍ കൈക്കൊള്ളുക.
എ, ഐ ഗ്രൂപ്പുകളുടെ നേതൃമാറ്റം എന്ന ആവശ്യം തല്കാലം രാഹുല്‍ ഗാന്ധി അംഗീകരിക്കാന്‍ സാധ്യതയില്ല. രാഹുല്‍ ഗാന്ധി മുന്‍കൈ എടുത്തായിരുന്നു നേരത്തെ സുധീരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവന്നത്. എ, ഐ ഗ്രൂപ്പുകളുടെ ശക്തമായ എതിര്‍പ്പ് മറികടന്നായിരുന്നു ഈ നീക്കം. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയും മുന്നണിയും വന്‍തോല്‍വി ഏറ്റുവാങ്ങിയതോടെ സുധീരനെതിരായ മുറവിളി ശക്തമായിരിക്കുകയാണ്. സുധീരന്റെ ഏകാധിപത്യ നിലപാടുകളാണ് തോല്‍വിക്ക് കാരണമെന്നാണ് ഗ്രൂപ്പുകള്‍ ആരോപിക്കുന്നത്. ഇക്കാര്യത്തില്‍ നേരത്തെ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വിഎം സുധീരന് എന്നിവരുമായി ഹൈക്കമാന്‍ഡ് വിശദമായ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയ്ക്ക് ശേഷം നേതൃമാറ്റം തല്കാലം ഉണ്ടാകില്ലെന്നാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസ് ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് വ്യക്തമാക്കിയത്.
അതിനിടെ സംസ്ഥാനത്ത് യുഡിഎഫിനുള്ളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്നുള്ള മുറുമുറുപ്പുകള്‍ ശക്തമാവുകയാണ്. നേമത്ത് വോട്ടുകച്ചവടം നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ജെഡിയു ആവശ്യപ്പെട്ടു. തോല്‍വിയുടെ കാരണങ്ങള്‍ വിശദീകരിക്കുന്ന കെപിസിസി റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കണമെന്നും ജെഡിയു സെക്രട്ടറി ജനറല്‍ വര്‍ഗ്ഗീസ് ജോര്‍ജ്ജ് പത്തനംതിട്ടയില്‍ പറഞ്ഞു.
Discussion about this post