ഡല്‍ഹി: പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ദാതാക്കളായ വാട്ട്സ് അപ്പിന് അതിന്റെ പുതിയ സ്വകാര്യതാ നയവുമായി മുന്നോട്ട് പോകാമെന്ന് ഡല്‍ഹി ഹൈകോടതി. അതേ സമയം വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കപ്പെടണമെന്ന് ചീഫ് ജസ്റ്റിസ് ജി രോഹിണി അധ്യക്ഷയായ ബെഞ്ച് നിര്‍ദേശം നല്കി. ഉപയോക്താക്കളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതിനെതിരെ രണ്ട് വിദ്യാര്‍ത്ഥികള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് തീരുമാനം.
വ്യക്തിഗത വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറുന്നത് സംബന്ധിച്ച തങ്ങളുടെ പുതിയ വ്യവസ്ഥകളും നിബന്ധനകളും സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് ആഗസ്റ്റ് 25ന് വാട്ടസ്പ്പ് അതിന്റെ ഉപയോക്താക്കള്‍ക്ക് സന്ദേശമയച്ചിരുന്നു. സെപ്റ്റംബര്‍ 25 മുതലാണ് പുതിയ സ്വകാര്യത നയം വാട്ട്സപ്പ് നടപ്പിലാക്കുക. അതേ സമയം സെപ്റ്റംബര്‍ 25ന് മുമ്പുള്ള ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ കൈമാറാന്‍ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. വാട്ട്സപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയതവരുടെ വിവരങ്ങള്‍ സംരക്ഷിക്കണമെന്നും അവ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ തങ്ങളുടെ ആപ്പ് ഉപയോഗിക്കാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ലെന്ന് വാട്ട്സപ്പ് അധികൃതര്‍ വ്യക്തമാക്കി.
വാട്ടസപ്പ് അടക്കമുള്ള ഇന്‍സ്റ്റന്റ് മെസേജിങ് ദാതാക്കളെ നിലവിലുള്ള നിയമങ്ങള്‍ക്ക് കീഴില്‍ കൊണ്ടുവരാന്‍ ടെലികോം റെഗുലേറ്ററി ബോഡി, ടെലികോം റെഗുലേറ്ററി അതോറിറ്റി ഇന്ത്യ (ട്രായ്) എന്നിവരോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. വാട്ടസപ്പിന്റെ പുതിയ സ്വകാര്യതാ നയം വാണിജ്യ, പരസ്യ വിപണന ആവശ്യത്തിനായി ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്കുമായി പങ്കിടാന്‍ അനുവദിക്കുന്നുണ്ട്. ഇതില്‍ ഉപയോക്താവിന്റെ കോണ്ടാക്ട് ലിസ്റ്റിലുള്ള ഫോണ്‍ നമ്പറുകള്‍ വ്യക്തിയുടെ സ്വകാര്യത ലംഘിച്ചുകൊണ്ട് പങ്കിടുന്നതും ഉള്‍പ്പെടും.
Discussion about this post