റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് വമ്പന്‍ ഓഫറുകളുമായി ബിഎസ്എന്‍എല്‍. ഒരു രൂപയ്ക്ക് ഒരു മണിക്കൂര്‍ ടോക്ക്ടൈം നല്കുന്ന 26 രൂപയുടെ താരിഫ് ആണ് ഒരു ഓഫര്‍. ഈ ഓഫറില്‍ ഇന്ത്യയില്‍ എവിടേയും ഏത് നെറ്റ്വര്‍ക്കിലേക്കും 26 മണിക്കൂര്‍ നേരം അണ്‍ലിമിറ്റഡായി വിളിക്കാം. ജനുവരി 25 മുതല്‍ അടുത്ത ജനുവരി 31 വരേയെ ഈ ഓഫര്‍ ലഭ്യമാകൂ.
മൂന്ന് പ്രൊമോഷണല്‍ ഓഫറുകള്‍ അവതരിപ്പിച്ചിരിക്കുന്നതില്‍ പ്രത്യേക താരിഫ് ഓഫറായ എസ്ടിവി 26 ആണ് ആദ്യത്തേത്. ഈ ഓഫര്‍ പ്രകാരം 26 മണിക്കൂര്‍ സമയപരിധിയില്‍ ഹോം സര്‍ക്കിളില്‍ ആണെങ്കില്‍ യൂസര്‍ക്ക് ഏത് നെറ്റ്വര്‍ക്കിലേക്കും സൗജന്യമായി വിളിക്കാം. ഒന്നരമടങ്ങും രണ്ട് മടങ്ങും അധിക ടോക്ക്ടൈം നല്‍കുന്നതാണ് മറ്റു രണ്ട് ഓഫറുകളെന്ന് ബിഎസ്എന്‍എല്‍ ചെയര്മാന് അനുപം ശ്രീവാസ്തവ വ്യക്തമാക്കി.
മാര്‍ച്ച് 31 വരെ മാത്രമേ അധിക ടോക്ക്ടൈം നല്കുന്ന ഓഫറുകള്‍ ലഭ്യമാകുക. ഒന്നരമടങ്ങ് അധിക ടോക്ക്ടൈം നല്കുന്ന 2601 രൂപയുടെ ഓഫറാണ് ഒന്ന്. 2600 രൂപയുടെ ടോക്ക്ടൈമിനൊപ്പം 1300 രൂപയുടെ അധിക ടോക്ക്ടൈമും ലഭിക്കുമെന്നതാണ് പ്രത്യേകത. മൂന്ന് മാസമാണ് അധിക ടോക്ക്ടൈമിന്റെ വലിഡിറ്റി. 6801 രൂപയുടേതാണ് മൂന്നാമത്തെ ഓഫര്‍. ഓഫറിലുള്ള ടോക്ക്ടൈമിന് പുറമെ 6800 രൂപയുടെ അധിക ടോക്ക്ടൈം ലഭിക്കും. അധിക ആനുകൂല്യത്തിന്റെ കാലാവധി മൂന്ന് മാസവും.
Discussion about this post