ബംഗളൂരു; തിലക് വർമ്മയുടെ ഒറ്റയാൾ പോരാട്ടം വിഫലമാക്കി മുംബൈ ഇന്ത്യൻസിൽ നിന്ന് വിജയം തട്ടിയെടുത്ത് ബംഗളൂരു റോയൽ ചലഞ്ചേഴ്‌സ്. വിരാട് കൊഹ്ലിയുടെയും ക്യാപ്റ്റൻ ഡുപ്ലേസിയുടെയും തകർപ്പൻ അർദ്ധസെഞ്ചുറികൾക്കൊടുവിൽ 22 പന്തുകൾ അവശേഷിക്കെയാണ് റോയൽ ചലഞ്ചേഴ്‌സ് വിജയം കണ്ടത്.
46 പന്തിൽ നിന്ന് പുറത്താകാതെ 84 റൺസ് നേടിയ തിലക് വർമ്മയുടെ ഒറ്റയാൾ പോരാട്ടം വിഫലമാക്കി 16.2 ഓവറിൽ റോയൽ ചലഞ്ചേഴ്‌സ് വിജയലക്ഷ്യമായ 172 റൺസ് മറികടക്കുകയായിരുന്നു. അഞ്ചാമനായി ക്രീസിൽ ഇറങ്ങി മികച്ച പ്രകടനം നടത്തിയ തിലക് വർമ്മയ്ക്ക് ഉറച്ച പിന്തുണ നൽകാൻ പോലും മുംബൈ ഇന്ത്യൻസിൽ ആരുമില്ലായിരുന്നു.
21 റൺസെടുത്ത നെഹാൽ വധേരയും പതിനഞ്ച് റൺസ് വീതമെടുത്ത സൂര്യകുമാർ യാദവും അർഷാദ് ഖാനും മാത്രമാണ് അൽപമെങ്കിലും പിടിച്ചുനിന്നത്. ബാക്കിയുളളവരൊക്കെ വന്നതിനെക്കാൾ വേഗത്തിൽ മടങ്ങുന്നതിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. 46 പന്തിൽ ഒൻപത് ഫോറുകളുടെയും നാല് സിക്‌സറുകളുടെയും അകമ്പടിയോടെയാണ് തിലക് വർമ്മ ഒറ്റയാൾ പോരാട്ടം നടത്തി ടീമിന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ റോയൽ ചലഞ്ചേഴ്‌സ് ഓപ്പണർമാരുടെ തകർപ്പൻ പ്രകടനത്തിലൂടെ വിജയലക്ഷ്യം അനായാസം മറികടന്നു. 49 പന്തുകളിൽ നിന്ന് അഞ്ച് സിക്‌സറുകളും ആറ് ഫോറുകളും സഹിതമാണ് കൊഹ്ലി 82 റൺസെടുത്തത്. 43 പ്ന്തിൽ അഞ്ച് ഫോറുകളും ആറ് സിക്‌സറുകളും പറത്തിയാണ് ഡുപ്ലേസി 73 റൺസെടുത്തത്.
ഡുപ്ലേസി പുറത്തായതോടെ പകരം ഇറങ്ങിയ ദിനേശ് കാർത്തിക്കിന് റൺസൊന്നും എടുക്കാതെ മടങ്ങേണ്ടി വന്നു. എന്നാൽ പിന്നീട് എത്തിയ ഗ്ലെൻ മാക്‌സ് വെൽ കൊഹ്ലിക്ക് പിന്തുണ നൽകി. മൂന്ന് പന്തുകൾ മാത്രം നേരിട്ട മാക്‌സ് വെൽ രണ്ട സിക്‌സറുകൾ പറത്തി 12 റൺസ് നേടി ടീമിന്റെ വിജയം ആഘോഷമാക്കുകയും ചെയ്തു.
Discussion about this post