തൃശ്ശൂർ: ഓസ്‌കർ പുരസ്‌കാര നേട്ടത്തിന് പിന്നാലെ ഗുരുവായൂർ ക്ഷേത്രത്തിൽ എത്തി ബൊമ്മൻ-ബെല്ലി ദമ്പതിമാർ. പേരമകനായ സജികുമാറിനൊപ്പമായിരുന്നു ഇരുവരും ക്ഷേത്രദർശനം നടത്തിയത്. അനാഥനായ രഘു എന്ന ആനയെ സ്വന്തം മകനെ പോലെ വളർത്തിയ ഇവരുടെ കഥയാണ് ഓസ്‌കർ പുരസ്‌കാരം സ്വന്തമാക്കിയ ‘ ദി എലിഫന്റ് വിസ്‌പേഴ്‌സ്’ എന്ന ഡോക്യുമെന്ററിയുടെ പ്രമേയം.
ഇന്ന് രാവിലെയോടെയായിരുന്നു ഇരുവരുടെയും ക്ഷേത്ര ദർശനം. ഇന്നലെ വൈകീട്ട് കൊടുങ്ങല്ലൂർ ക്ഷേത്രത്തിലും എത്തി ഇവർ തൊഴുതിരുന്നു. ഇതിന് പിന്നാലെയാണ് ഗുരുവായൂരിൽ എത്തിയത്. ക്ഷേത്രത്തിലെ കൊമ്പൻമാർക്കൊപ്പം സമയം ചിലവഴിച്ചതിന് ശേഷമായിരുന്നു ഇവരുടെ മടക്കം.
തെക്കേ നടയിൽ കെട്ടിയിരുന്ന ഗോപീകൃഷ്ണനെയും രവികൃഷ്ണനെയുമാണ് ഇരുവരും കണ്ടത്. ആനകളെ തഴുകിയും തലോടിയും ഇവർ സ്‌നേഹം പങ്കുവച്ചു. ദേവസ്വം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ എ.കെ രാധാകൃഷ്ണൻ, ആനപ്രേമിസംഘം ഭാരവാഹികളായ കെ.പി ഉദയൻ, കെ.യു ഉണ്ണികൃഷ്ണൻ എന്നിവർ ആനകളെപ്പറ്റി ഇവരോട് വിശദീകരിച്ചു. ഇരു ആനകളുടെയും പാപ്പാന്മാരും ഒപ്പമുണ്ടായിരുന്നു.
കാവിമുണ്ടും രുദ്രാക്ഷ മാലയുമായിരുന്നു ബൊമ്മന്റെ വേഷം. ചുവപ്പ് സാരിയുടുത്താണ് ബെല്ലി ക്ഷേത്രത്തിൽ എത്തിയത്. ഇരുവരെയും ആളുകൾ തിരിച്ചറിഞ്ഞിരുന്നില്ല. ഇരുവരും എല്ലാ വർഷവും ക്ഷേത്രത്തിൽ ദർശനം നടത്താറുണ്ട്. എന്നാൽ ഓസ്‌കർ നേട്ടത്തിന് പിന്നാലെ ഇരുവർക്കും വലിയ വരവേൽപ്പാണ് ക്ഷേത്രം അധികൃതർ നൽകിയിരുന്നത്. നാലമ്പലത്തിൽ കയറിയായിരുന്നു ഇവർ ഗുരുവായൂരപ്പനെ ദർശിച്ചത്.
Discussion about this post