ആത്മനിർഭര ഭാരതത്തിനായുള്ള ഓരോ ചുവടും വിജയകരമാക്കുകയാണ് നമ്മുടെ രാജ്യം. സൂപ്പർ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ നാവിക പതിപ്പിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതാണ് ഇതിൽ ഏറ്റവും ഒടുവിലത്തേത്. ഇതോടെ പ്രതിരോധ മേഖലയിലെ സ്വയം പര്യാപ്തയെന്ന ലക്ഷ്യത്തിലേക്ക് നാം കൂടുതൽ അടുത്തിരിക്കുന്നു.
കഴിഞ്ഞ ദിവസമാണ് ബ്രഹ്മോസ് മിസൈലിന്റെ നാവിക പതിപ്പ് നാവിക സേന വിജയകരമായി പൂർത്തിയാക്കുന്നത്.അറബിക്കടലിൽ കൊൽക്കട്ട ക്ലാസ് ഗൈഡഡ് മിസൈൽ വേധ യുദ്ധകപ്പലിലായിരുന്നു പരീക്ഷണം. ലക്ഷ്യം കൃത്യമായി ഭേദിച്ച് മിസൈൽ കരുത്ത് കാട്ടി.
മറ്റ് മിസൈലുകളെ അപേക്ഷിച്ച് കരുത്തിന്റെ കാര്യത്തിൽ ഒരു പടി മുൻപിലാണ് നമ്മുടെ ബ്രഹ്മോസ് മിസൈലിന്റെ നാവിക പതിപ്പ്. വേഗത തന്നെ ആദ്യം എടുത്തു പറയാം. മണിക്കൂറിൽ 4321 കിലോ മീറ്ററാണ് മിസൈലിന്റെ വേഗത. അമേരിക്കയുടെ മിസൈലായ ടോമാഹോക്കിനെക്കാൾ രണ്ട് രണ്ട് മടങ്ങ് കൂടുതലാണ് ഇത്. അന്തരീക്ഷത്തിൽ ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളെ പോലും ഭസ്മമാക്കാൻ ബ്രഹ്മോസിന്റെ നാവിക പതിപ്പിന് കഴിയുമെന്നാണ് മറ്റൊരു പ്രത്യേകത. മികച്ച ഉയരത്തിൽ പറക്കാനുള്ള കഴിവ് മിസൈലിനെ ശത്രുക്കളുടെ കണ്ണിൽ നിന്നും മറയ്ക്കുന്നു. രണ്ട് ഘട്ടങ്ങളിലുള്ള പ്രൊപ്പൽഷൻ സംവിധാനമാണ് മിസൈലിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. ഇന്ധന ചിലവ് കുറവാണ് എന്നതാണ് മിസൈലിന്റെ മറ്റൊരു പ്രധാന സവിശേഷത.
തദ്ദേശീയമായി നിർമ്മിച്ച സീക്കറും ബൂസ്റ്ററുമാണ് ബ്രഹ്മോസ് നാവിക പതിപ്പിനെ വേറിട്ടതാക്കുന്നത്. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയാണ് ഇതിന്റെ നിർമ്മാതാക്കൾ. ഇവയുടെ നിർമ്മാണം രാജ്യത്തെ സ്വയം പര്യാപ്തയിലേക്ക് മാത്രമല്ല, മറിച്ച് ഇത് വാങ്ങുന്നതുവഴി ഉണ്ടാകുന്ന ധനനഷ്ടവും ഇല്ലാതാക്കുന്നു. നേരത്തെ റഷ്യയിൽ നിന്നായിരുന്നു ബൂസ്റ്ററും സീക്കറും ഇന്ത്യ വാങ്ങിയിരുന്നത്.
ഒരു മിസൈലിന്റെ പ്രധാന ഭാഗമാണ് സീക്കർ. മിസൈലിന്റെ കൃത്യത നിശ്ചയിക്കുന്നത് സീക്കറാണ്. പരീക്ഷണത്തിൽ ലക്ഷ്യം കൃത്യമായി ഭേദിച്ചതോടെ സീക്കറുകളുടെ നിർമ്മാണത്തിലും രാജ്യം വിജയിച്ചു. ഒരു രാജ്യവും സീക്കറുകളുടെ സാങ്കേതിക വിദ്യ മറ്റ് രാജ്യങ്ങളുമായി പങ്കുവയ്ക്കാറില്ല എന്നതാണ് പ്രത്യേകത. അതുകൊണ്ടുതന്നെ മിസൈൽ പരീക്ഷണത്തിന്റെ വിജയം ഇരട്ടി മധുരം നൽകുന്നു. 2018 ലായിരുന്നു സീക്കറുകൾ നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഇന്ത്യ തുടക്കമിട്ടത്
മിസൈലിന്റെ വേഗത്തെ നിർണയിക്കുന്ന ഘടകമാണ് ബൂസ്റ്ററുകൾ. മികച്ച ബൂസ്റ്ററുകൾ വിദൂരതയിലുള്ള ലക്ഷ്യത്തെയും നിഷ്പ്രയാസം ഭേദിക്കാൻ മിസൈലിന് കരുത്തു പകരുന്നു. സാധാരണയായി ഒരു രാജ്യം ഒറ്റയ്ക്ക് ബൂസ്റ്ററുകൾ നിർമ്മിയ്ക്കാറില്ല. ഇക്കാര്യത്തിലും ഇന്ത്യ വ്യത്യസ്തമാകുന്നു.
Discussion about this post