തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരിക്കാൻ ബ്രിട്ടൻ സന്നദ്ധത അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ചന്ദ്രു അയ്യർ നടത്തിയ കൂടിക്കാഴ്ചയിലാണ് താൽപര്യം അറിയിച്ചതെന്നും മുഖ്യമന്ത്രി സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യക്തമാക്കി.
ഉന്നതവിദ്യാഭ്യാസ രംഗത്ത് സംസ്ഥാനം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ആ മേഖലയിൽ ബ്രിട്ടനുമായി സഹകരണത്തിന് ധാരാളം സാധ്യതകളുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിന്റെയും കർണ്ണാടകയുടെയും ചുമതലയുള്ള ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ആണ് ചന്ദ്രു അയ്യർ. എജ്യൂക്കേഷൻ വേൾഡ് ഫോറം നടത്താൻ ഉദ്ദേശിക്കുന്നതായി ഡെപ്യൂട്ടി ഹൈക്കമ്മീഷണർ അറിയിച്ചുവെന്നും അതിൽ സഹകരിക്കുന്ന കാര്യത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പുമായും വൈസ് ചാൻസലർമാരുമായും ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ ഗ്രാഫീൻ സെന്റർ, ഇൻക്യുബേഷൻ സെന്റർ എന്നിവയിൽ ബ്രിട്ടൻ താൽപര്യം പ്രകടിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ജെൻഡർ അധിഷ്ഠിത നഗരവികസനവുമായി ബന്ധപ്പെട്ട് ജെൻഡർ പാർക്കുമായി ചേർന്ന് പഠനം നടത്താൻ ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ആർക്കിടെക്ടറൽ വിദ്യാർത്ഥികളുടെ ടീം ഏപ്രിൽ, മെയ് മാസങ്ങളിൽ കോഴിക്കോട് ജെൻഡർ പാർക്ക് സന്ദർശിക്കും.
സൗത്ത് ഏഷ്യാ ട്രേഡ് കമ്മീഷണർ അലൻ ജെമ്മൽ, ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.
Discussion about this post