തൃശൂർ: കേരളത്തിൽ പ്രധാനമന്ത്രിയുടെ ഈസ്റ്റർ സന്ദേശവുമായി ബിജെപി പ്രവർത്തകർ ക്രൈസ്തവ സഭാ വിശ്വാസികളുടെ വീടുകളിൽ നടത്തിയ സന്ദർശനത്തിന്റെ പേരിൽ സഭാ നേതൃത്വങ്ങൾക്കെതിരെ രാഷ്ട്രീയ ആക്രമണം നടത്തുന്ന സിപിഎമ്മിനെയും കോൺഗ്രസിനെയും വിമർശിച്ച് ബിജെപി. സൈബർ പോരാളികളെ രംഗത്തിറക്കി കേരളത്തിലെ ക്രൈസ്തവ സഭാ നേതൃത്വത്തെയും പുരോഹിതൻമാരെയും ആക്ഷേപിക്കാനാണ് സിപിഎം ശ്രമമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് പറഞ്ഞു.
സിപിഎമ്മിന്റെ രണ്ടാം നിര നേതാക്കൾ ചാനലുകളിൽ വന്നിരുന്ന് സഭാ നേതൃത്വത്തെയാകെ അപഹസിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് കേരളത്തിൽ ഗുണകരമായ സാഹചര്യമല്ല സൃഷ്ടിക്കുന്നത്. തികച്ചും സൗഹൃദസന്ദർശനമാണ് ബിജെപി നടത്തിയത്. അത് എല്ലാവരും വ്യക്തമാക്കിയിട്ടുളളതാണ്. പക്ഷെ അതിന്റെ പേരിൽ സഭാ നേതൃത്വത്തെയും മതവിശ്വാസികളെയും പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് സിപിഎം, കോൺഗ്രസ് നേതൃത്വങ്ങൾ ചെയ്തത്.
ബിജെപിയെക്കുറിച്ച് അപവാദ പ്രചാരണം നടത്തി കേരളത്തിലെ വിശ്വാസികളുടെ മനസിൽ ബിജെപി വിരോധം സൃഷ്ടിക്കാനാണ് നാളിതുവരെ സിപിഎമ്മും കോൺഗ്രസും ശ്രമിച്ചിട്ടുളളത്. സഭാ നേതൃത്വത്തെ ബിജെപി നേതാക്കൾ കണ്ടപ്പോൾ ഒരു രാഷ്ട്രീയവും സംസാരിച്ചിട്ടില്ല. അത് അവർക്കെല്ലാം അറിയാം. ബിജെപി നടത്തിയ ഗൃഹസമ്പർക്കത്തെക്കുറിച്ച് ക്രിസ്തുമത വിശ്വാസികൾക്ക് എതിർപ്പുണ്ടായില്ല അതുകൊണ്ടു തന്നെ കേരളത്തിലെ സഭാ നേതൃത്വത്തിനും വിശ്വാസികൾക്കും ഇല്ലാത്ത പരിഭ്രാന്തി വിഡി സതീശനും ഗോവിന്ദൻ മാഷിനും ആവശ്യമില്ലെന്ന് എംടി രമേശ് പറഞ്ഞു.
മോദി വിരോധവും ബിജെപി വിരോധവും ഇന്ധനമാക്കിയാണ് സിപിഎമ്മും കോൺഗ്രസും മുന്നോട്ടുപോകുന്നത്. അവരുടെ കാലിനടിയിലെ മണ്ണ് ഇളകി പോകുന്നതിലെ വെപ്രാളമാണ് കാണിക്കുന്നതെന്നും എം.ടി രമേശ് ചൂണ്ടിക്കാട്ടി. കേരളത്തിൽ സാധാരണ എല്ലാ നേതാക്കളും അരമനകളിലും ആരാധനാലയങ്ങളിലും പോകാറുണ്ട്. അതിനൊന്നും ആരും തടസം പറയാറില്ല. എന്തിനാണ് ബിജെപി നേതാക്കൾ ക്രിസ്തീയ സഭാ വിശ്വാസികളുടെ വീടുകൡും പളളികളിലും പോകുമ്പോൾ സിപിഎമ്മും കോൺഗ്രസും ഇത്ര വെപ്രാളപ്പെടുന്നതെന്ന് എംടി രമേശ് ചോദിച്ചു. TOP
Discussion about this post