തിരുവനന്തപുരം: കോൺഗ്രസ് പദവികളിൽ നിന്ന് രാജിവെച്ച അനിൽ ആന്റണിയെ അഭിനന്ദിച്ച് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ. രാജിവെക്കുന്നതായി അറിയിച്ചുകൊണ്ടുളള അനിൽ ആന്റണിയുടെ ട്വീറ്റ് പങ്കുവെച്ചായിരുന്നു യുവമോർച്ച അദ്ധ്യക്ഷൻ ആത്മാഭിമാനമുള്ളവർക്ക് കോൺഗ്രസ്സിൽ തുടരാൻ കഴിയില്ലെന്ന് പ്രതികരിച്ചത്.
നിലപാടും അഭിപ്രായവും ഉള്ളവർക്ക് കോൺഗ്രസ്സിൽ സ്ഥാനമില്ല എന്ന് അനിൽ ആന്റണിയുടെ രാജിയിലൂടെ വ്യക്തമാവുകയാണ്. സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസ് പിരിച്ചുവിടണമെന്ന് പറഞ്ഞ ഗാന്ധിജിയുടെ അഭിപ്രായം എത്ര ദീർഘവീക്ഷണത്തോടെയായിരുന്നു എന്ന് വ്യക്തമാണെന്നും പ്രഫുൽ കൃഷ്ണൻ ഫേസ്ബുക്ക് പ്രതികരണത്തിൽ പറഞ്ഞു. സ്തുതി പാഠകരായി, വാഴ്ത്തുപാട്ടുകളുമായി ഏറാൻ മൂളിയായി നിൽക്കാതെ നട്ടെല്ലുള്ള തീരുമാനമെടുത്ത അനിൽ ആന്റണിക്ക് അഭിവാദ്യങ്ങൾ എന്ന് പറഞ്ഞാണ് പോസ്്റ്റ് അവസാനിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ബിബിസി തയ്യാറാക്കിയ വിവാദ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് അനിൽ ആന്റണി നടത്തിയ പ്രതികരണത്തിനെതിരെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇന്ത്യയിലുളളവർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബിബിസിയുടെ വാക്കുകൾക്ക് മുൻതൂക്കം നൽകുന്നത് അപകടകരമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തെ തുരങ്കം വയ്ക്കുന്ന ഒരു നടപടിയെയും പിന്തുണയ്ക്കരുത് എന്നുമായിരുന്നു അനിൽ ആന്റണിയുടെ ട്വീറ്റ്. ഇത് മാദ്ധ്യമങ്ങളും ഏറ്റുപിടിച്ചതോടെ ഒരു വിഭാഗം നേതാക്കൾ അനിൽ ആന്റണിക്കെതിരെ രംഗത്തെത്തുകയായിരുന്നു.
തുടർന്നാണ് കെപിസിസിയുടെ ഡിജിറ്റൽ മീഡിയ കൺവീനർ സ്ഥാനവും എഐസിസിയുടെ സോഷ്യൽ മീഡിയ ആൻഡ് ഡിജിറ്റൽ കമ്യൂണിക്കേഷൻസ് സെൽ കോ ഓർഡിനേറ്റർ സ്ഥാനവും രാജിവെയ്ക്കുന്നതായി അദ്ദേഹം അറിയിച്ചത്. ഇക്കാര്യം അദ്ദേഹം ട്വിറ്ററിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എ.കെ ആന്റണിയുടെ മകനാണ് അനിൽ ആന്റണി.
Discussion about this post