1999 ജൂണ്‍ 10 . ടോലോലിംഗ് മലനിരകളില്‍ താവളമടിച്ചിരിക്കുന്ന പാക് സൈനികരെ തുരത്തിയാലേ ഇന്ത്യക്ക് ഇനി മുന്നേറാന്‍ കഴിയൂ. പോയിന്റ് 4590 പിടിച്ചാല്‍ അവിടെ ഉറച്ചു നിന്ന് മുന്നേറാന്‍ കഴിയും . എന്നാല്‍ അത് അത്ര എളുപ്പവുമല്ല.
ശത്രു മലനിരകള്‍ക്ക് മുകളിലായതിനാല്‍ താഴെ നിന്നു കയറുന്ന ഇന്ത്യന്‍ സൈന്യത്തെ വളരെ എളുപ്പം കീഴ്‌പ്പെടുത്താം. ആള്‍ നാശം ഉറപ്പാണ്. എന്നാല്‍ യുദ്ധം ജയിക്കണമെങ്കില്‍ ഇന്ത്യന്‍ മണ്ണില്‍ കടന്നു കയറിയ ശത്രുവിനെ ഓടിക്കണമെങ്കില്‍ ടോലോലിംഗ് പിടിച്ചേ തീരൂ. ഒടുവില്‍ അത് തീരുമാനിച്ചു. ജനറല്‍ മാലിക് രജപുത്താന റൈഫിള്‍സിന്റെ മീറ്റിംഗ് അടിയന്തിരമായി വിളിച്ചു കൂട്ടി. എങ്ങനെ നാം ലക്ഷ്യം നേടും ? മാലിക് ചോദിച്ചു.
കോബ്ര എന്ന് സ്വയം പരിചയപ്പെടുത്തിയ കമാന്‍ഡോ തന്റെ പദ്ധതി മുന്നോട്ടു വച്ചു. 100 മീറ്റര്‍ നീളമുള്ള റഷ്യന്‍ നിര്‍മ്മിത വടം വേണം. ആറു കിലോ ഭാരം മാത്രമേ ഇതിന് ആകാവൂ. ഒപ്പം പത്ത് ടണ്‍ ഭാരം താങ്ങാന്‍ കഴിവുണ്ടാകണം. മലനിരകളില്‍ കുടുക്കാന്‍ റഷ്യന്‍ കൊളുത്തുകളും വേണം. ക്ഷീണം അകറ്റാന്‍ കഴിയുന്ന ഇന്‍ജക്ഷനുകളും ലഭ്യമാക്കണം. രാത്രിയില്‍ തന്നെ മലകയറാം. മുകളിലെത്തി പെട്ടെന്ന് ഒരാക്രമണത്തിലൂടെ ശത്രുവിനെ ഇല്ലാതാക്കാം. ഇതായിരുന്നു ആ സൈനികന്റെ പദ്ധതി.
പദ്ധതി അംഗീകരിച്ചു . രജപുത്താന റൈഫിള്‍സിലെ രണ്ടാം ബറ്റാലിയന്‍ ആ ജോലി ഏറ്റെടുത്തു.മേജര്‍ വിവേക് ഗുപ്ത നേതൃത്വം നല്‍കുന്ന ടീം . ലൈറ്റ് മെഷീന്‍ ഗണ്‍ ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നത് കോബ്ര എന്നു വിളിപ്പേരുള്ള പദ്ധതി തയ്യാറാക്കിയ സൈനികന്‍ , ദിഗേന്ദ്ര കുമാര്‍.
ജൂണ്‍ 10 ന് രാത്രി സംഘം മലകയറി തുടങ്ങി . ആയുധങ്ങളും മറ്റ് ഉപകരണങ്ങളും ശരീരത്തില്‍ കെട്ടിവച്ച് റഷ്യന്‍ വടത്തില്‍ തൂങ്ങി അവര്‍ മലകയറി . കൈകള്‍ തളര്‍ന്നപ്പോള്‍ കാലില്‍ ഉറച്ച് കയറില്‍ കടിച്ചു തൂങ്ങിയായിരുന്നു കയറ്റം .24 മണിക്കൂര്‍ ആയിരുന്നു മലകയറാന്‍ അനുവദിച്ചിരുന്നത്.
എന്നാല്‍ മാതൃഭൂമിയോടുള്ള ഉത്കടമായ സ്‌നേഹം അവരില്‍ ആവേശിച്ചിരുന്നതിനാല്‍ വെറും 14 മണിക്കൂര്‍ മാത്രമാണെടുത്തത്. പോയിന്റ് 4590 ല്‍ പതിയിരിക്കുന്ന പാക് സൈനികര്‍ക്കെതിരെ മേജര്‍ വിവേക് ഗുപ്തയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സൈനികര്‍ ആഞ്ഞടിച്ചു . രാജാ രാമചന്ദ്ര കീ ജയ് എന്നലറി വിളിച്ച് പാക് ബങ്കറുകള്‍ക്കു നേരേ അവര്‍ തുരുതുരാ നിറയൊഴിച്ചു.
മെഷീന്‍ ഗണ്ണുമായി പോരാടിയ ദിഗേന്ദ്ര കുമാറിന്റെ നെഞ്ചില്‍ ഏറ്റത് മൂന്ന് വെടിയുണ്ടകള്‍ . പടച്ചട്ടയില്‍ പതിനെട്ട് വെടിയുണ്ടകള്‍ തുളഞ്ഞു കയറി . ഒരു കാലില്‍ ഗുരുതരമായി മുറിവ് പറ്റി. മേജര്‍ വിവേക് ഗുപ്ത തലയ്ക്ക് വെടിയേറ്റ് തല്‍ക്ഷണം കൊല്ലപ്പെട്ടു. ബന്വാര്‍ലാല്‍ ഭക്കരും ലാന്‍സ് നായിക് ജസ്വീര്‍ സിംഗും , നായിക് സുരേന്ദ്രയും , നായിക് ചമന്‍ സിംഗും വീരമൃത്യു വരിച്ചു.
വെടിയേറ്റ് വീണപ്പോള്‍ ദിഗേന്ദ്രകുമാറിന്റെ ലൈറ്റ് മെഷീന്‍ ഗണ്‍ നഷ്ടമായി . പിന്നെ കിട്ടിയത് കൊല്ലപ്പെടുന്നതിനു മുന്‍പ് ലാന്‍സ് നായിക് ബച്ചന്‍ സിംഗ് നല്‍കിയ പിസ്റ്റള്‍. മുറിവേറ്റ് പിടയുന്ന സുല്‍ത്താന്‍ സിംഗില്‍ നിന്ന് ഗ്രനേഡുകളും സ്വീകരിച്ച് വര്‍ദ്ധിത വീര്യത്തോടെ ദിഗേന്ദ്രകുമാര്‍ പോരാടി.
പാക് സൈന്യത്തിന്റെ 11 ബങ്കറുകളും നശിപ്പിക്കപ്പെട്ടു. പതിനെട്ട് ഗ്രനേഡുകളാണ് ദിഗേന്ദ്ര പാക് ബങ്കറിലേക്ക് പായിച്ചത്. എതിര്‍ ക്യാമ്പില്‍ നിന്ന് മേജര്‍ അന്‍വര്‍ ഖാന്‍ ദിഗേന്ദ്രക്കു നേരേ വെടിയുതിര്‍ക്കാന്‍ ശ്രമിച്ചു . പിസ്റ്റളില്‍ ഉണ്ടായിരുന്ന അവസാന വെടിയുണ്ടെ ദിഗേന്ദ്ര ഖാനു നേരേ പായിച്ചു. തുടര്‍ന്ന് ഖാന്റെ കഥ കഴിച്ചു. ഒടുവില്‍ ടോലോലിംഗിലെ പോയിന്റ് 4590 ല്‍ രജപുത്താന റൈഫിള്‍സ് ത്രിവര്‍ണ പതാക ഉയര്‍ത്തി.
48 ശത്രു സൈനികരെയാണ് കോബ്ര എന്നറിയപ്പെടുന്ന ദിഗേന്ദ്രകുമാര്‍ വകവരുത്തിയത് . രാഷ്ട്രത്തോടുള്ള അചഞ്ചലമായ സ്‌നേഹം കൊണ്ട് അനുപമമായ പോരാട്ട വീര്യം കാഴ്ച്ച വച്ച ദിഗേന്ദ്ര കുമാറിനു രാഷ്ട്രം മഹാവീര്‍ ചക്ര നല്‍കി ആദരിച്ചു 2005 ജൂലൈ 31 ന് അദ്ദേഹം സൈന്യത്തില്‍ നിന്ന് വിരമിച്ചു.
Discussion about this post