പാലക്കാട്: മണ്ണാർക്കാട് ഡിവൈഎഫ്‌ഐ പ്രവർത്തകർ തമ്മിൽ നടുറോഡിൽ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മർദ്ദനത്തിൽ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ.സി റിയാസുദ്ദീൻ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു.
ഇന്നലെ രാത്രി സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയുടെ ഫാക്ഷൻ യോഗം നടന്നിരുന്നു. യോഗം പൂർത്തിയായി ഓഫീസിന് പുറത്ത് എത്തിയപ്പോഴായിരുന്നു പ്രവർത്തകർ പരസ്പരം പൊരുതിയത്. യോഗം കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ പ്രവർത്തകർ തമ്മിൽ വാക്ക് തർക്കം ഉണ്ടായി. ഇതാണ് സംഘർഷത്തിൽ കലാശിച്ചത്.
വിവാദ നേതാവ് പി.കെ.ശശിയെ അനുകൂലിക്കുന്ന ഡിവൈഎഫ് ഐ ബ്ലോക്ക് കമ്മിറ്റി അംഗം കെ.ഷാനിഫിനെ പുറത്താക്കാനും റഷീദ് തച്ചനാട്ടുകരയെ ബ്ലോക്ക് ജോ.സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റാനും യോഗം തീരുമാനിച്ചിരുന്നു. ഇതാണ് പ്രശ്‌നത്തിന് തുടക്കമിട്ടത്. യോഗം പൂർത്തിയായതിന് പിന്നാലെ തീരുമാനത്തിനെതിരെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്ത് എത്തി. യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ നേതാവ് ഷാനിഫിനെ പ്രവർത്തകർ ചോദ്യം ചെയ്തു. ഇതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
സംഭവത്തിൽ പ്രവർത്തകർക്ക് നേരിയ പരിക്കുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. ഏതാനും നാളുകളായി പാർട്ടിയ്ക്കുള്ളിൽ വിഭാഗീയത നില നിന്നിരുന്നു. ഇതാണ് പരസ്യ ഏറ്റുമുട്ടലിലേക്ക് നയിച്ചത്.
Discussion about this post