ഇസ്താംബൂൾ: തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ മരണപ്പെട്ടവരുടെ എണ്ണം കുത്തനെ ഉയരുന്നു. ഭൂകമ്പത്തിന്റെ ദുരിതത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടെ ജനങ്ങളെ വീണ്ടും ഭീതിയിലാഴ്ത്തിയിരിക്കുകയാണ് ഭീകരസംഘടനം. സിറിയയിൽ കഴിഞ്ഞ ദിവസം ഐഎസ് ഭീകരർ നടത്തിയ വെടിവയ്പ്പിൽ സ്ത്രീയടക്കം 11 സാധാരണക്കരാണ് മരിച്ചു വീണത്. മദ്ധ്യ സിറിയയിലെ പാൽമേയ്‌റിലായിരുന്നു ആക്രമണം നടന്നത്.
പാൽമേയ്റയിൽ ഭക്ഷ്യപദാർത്ഥങ്ങൾ ശേഖരിക്കാൻ എത്തിയവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. 76പേരോളം അടങ്ങുന്ന സംഘത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഒരു സൈനികൻ കൊല്ലപ്പെട്ടതായും നിരവധി പേരെ കാണാതായതായും വിവരമുണ്ട്.
ഭൂകമ്പത്തിന്റെ മറവിൽ സിറിയയിൽ ഇരുപതോളം ഐഎസ് ഭീകരർ ജയിൽ ചാടിയിരുന്നു. തുർക്കി അതിർത്തിക്ക് സമീപമുള്ള ബ്ലാക്ക് പ്രിസൺ എന്നറിയപ്പെടുന്ന ജയിലിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ തടവുകാർ തമ്മിൽ കലാപമുണ്ടാക്കിയപ്പോഴാണ് ഐഎസ് ഭീകരരായ ഇരുപതോളം പേർ ജയിൽ ചാടി രക്ഷപെട്ടത്.
Discussion about this post