ഒട്ടേറെ ഗുണങ്ങൾ ഉള്ള ഫലമാണ് പപ്പായ.ഒരു സൂപ്പർഫുഡ് കൂടിയാണ്. വിറ്റാമിനുകൾ എ, സി, ഇ തുടങ്ങിയ അടിസ്ഥാന പോഷകങ്ങളാൽ സമ്പന്നമായ പപ്പായയ്ക്ക് ചർമ്മത്തിന്റെ ആരോഗ്യം, പ്രതിരോധശേഷി ശക്തിപ്പെടുത്തൽ, ഉയർന്ന നാരുകൾ എന്നിവ പോലുള്ള നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്, ഇത് ദഹനത്തെ മെച്ചപ്പെടുത്തുന്നു. എന്നാൽ പണ്ട് കാലം മുതൽക്കേ പറഞ്ഞു കേൾക്കുന്ന ഒന്നാണ് പപ്പായയും പൈനാപ്പിളും ഗർഭകാലത്ത് കഴിക്കരുതെന്ന്. ഇതിലെന്തെങ്കിലും വാസ്തവം ഉണ്ടോ?
നാഷനൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ ഇതു സംബന്ധിച്ച് എലികളിൽ നടത്തിയ പരീക്ഷണത്തിൽ പഴുത്ത പപ്പായ കഴിച്ച ഗർഭിണികളായ എലികളുടെ പേശികളിലെ സങ്കോചം വർദ്ധിക്കുന്നില്ലെന്ന് കണ്ടെത്തി, അതേസമയം പച്ചപ്പപ്പായ കഴിച്ച ഗർഭിണികളുടെ യൂട്രസ് പേശികളിൽ സങ്കോചം ഉണ്ടാകുന്നതായി തെളിഞ്ഞു. ഈ സങ്കോചമാണ് അബോർഷന് കാരണമാകാവുന്ന ഘടകം. ഇതിന് കാരണമാകുന്നത് പച്ചപ്പപ്പായയിലെ ലാറ്റെക്‌സാണ്. എന്നാൽ മനുഷ്യനിൽ ഈ പരീക്ഷണം നടത്താത്ത ഇടത്തോളം കാലം പപ്പായ എത്രത്തോളം ദോഷകരമാകും എന്നതിന് കൃത്യമായ അറിവില്ല.
പച്ച പപ്പായ കഴിക്കുന്നത് ശ്വാസം മുട്ടൽ ഉണ്ടാകുന്നതിന് കാരണമാകും. അതിനാൽ ഇത് ആസ്തമ രോഗികൾക്ക് ദോഷകരമായേക്കാം.പച്ച പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പയിൻ ചില സാഹചര്യങ്ങളിൽ അലർജിക്ക് കാരണമാകാം. ഒരാൾ ഉയർന്ന അളവിൽ പച്ച പപ്പായ കഴിക്കുന്നുവെങ്കിൽ അത് വയറ്റിൽ അസ്വസ്ഥതകൾ, തലവേദന, തലകറക്കം എന്നിവ ഉണ്ടാകുന്നതിന് കാരണമായേക്കാം.
പച്ചപ്പപ്പായയിൽ ലാറ്റെക്‌സ്, പപ്പെയ്ൻ തുടങ്ങിയ ഘടകമുണ്ട്. ലാറ്റെക്‌സ് വെളുത്ത നിറത്തിലെ ദ്രാവകമാണ്. ഇത് ഗർഭത്തിന്റെ ആദ്യ മൂന്നു മാസങ്ങളിൽ ധാരാളമായി കഴിച്ചാൽ യൂട്രസ് കോൺട്രാക്ഷനുകൾക്ക് കാരണമാകുന്നു. പാപ്പെയ്ൻ ശരീരത്തിൽ ഓക്‌സിടോസിൽ എന്ന ഹോർമോൺ ഉൽപാദിപ്പിയ്ക്കുന്ന ഒന്നാണ്. ഇതേ ഹോർമോൺ തന്നെയാണ് പ്രസവമടുക്കുമ്പോൾ യൂട്രസ് കോൺട്രാക്ഷനുകൾ വരുത്തുന്നത്. പ്രസവവേദന വരാൻ തരുന്ന മരുന്നിൽ ഓക്‌സിടോസിനും പെടുന്നുണ്ട്. ഇതിനാലാണ് ഇവ അബോർഷൻ വരുത്തും എന്നു പൊതുവേ വിശ്വസിയ്ക്കപ്പെടുന്നതിന് കാരണം.
ആദ്യ മൂന്നു മാസം പച്ചപ്പപ്പായ അൽപം കുറവു കഴിയ്ക്കുന്നതാണ് നല്ലതെന്നു പറയാം. ചിലരാകട്ടെ, ഗർഭം വരാതിരിയ്ക്കാൻ ബന്ധപ്പെട്ട ശേഷം ധാരാളം പച്ചപ്പപ്പായ കഴിയ്ക്കുന്നവരുണ്ട്. ഇത് കൊണ്ട് ഗർഭധാരണം നടക്കില്ലെന്നോ നടന്നാൽ അബോർഷനായി പോകുമെന്നോ പറയാനാകില്ല.പഴുത്ത പപ്പായയിൽ ലാറ്റെക്‌സ് കുറവാണ്. ഇത് മിതമായി കഴിയ്ക്കുന്നതിനാൽ ദോഷമില്ലെന്നു പറയപ്പെടുന്നു. പഴുത്തതാണെങ്കിലും മിതമായ അളവിൽ പപ്പായ കഴിക്കുക.ഇത്തരം കാര്യത്തിൽ അനാവശ്യ ഭയമുണ്ടെങ്കിൽ ഇത് ഒഴിവാക്കുക.
Discussion about this post