ന്യൂഡൽഹി; അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യൻ സന്ദർശനത്തിന് ഒരുങ്ങുന്നു. അമേരിക്കയുടെ അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യ ഡൊണാൾഡ് ലു ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ സന്ദർശിക്കാൻ യുഎസ് പ്രസിഡന്റ് ഏറെ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം അതിനായി കാത്തിരിക്കുകയാണെന്നും ഡൊണാൾഡ് ലു പറഞ്ഞു.
ഞങ്ങളുടെ പ്രസിഡന്റ് സെപ്തംബറിൽ ഇന്ത്യയിലേക്കുള്ള യാത്രയ്ക്കായി കാത്തിരിക്കുകയാണ്. ജി-20 നേതാക്കളുടെ ഉച്ചകോടിയുടെ ഭാഗമായുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ പര്യടനമാണിതെന്ന് ഡൊണാൾഡ് ലു പറയുന്നു.
ഇന്ത്യ-യു.എസ്. ബന്ധത്തിൽ 2023 സുപ്രധാന വർഷമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇത് ഒരു വലിയ വർഷമായിരിക്കും. ഇന്ത്യ ജി20യ്ക്ക് ആതിഥേയത്വം വഹിക്കുന്നു. യുഎസ് അപ്പെക്കിന് ആതിഥേയത്വം വഹിക്കുന്നു. ജപ്പാൻ ജി7ന് ആതിഥേയത്വം വഹിക്കുന്നു. നേതൃപരമായ റോളുകൾ ഏറ്റെടുക്കുന്ന ധാരാളം ക്വാഡ് അംഗങ്ങളുണ്ട്. നമ്മുടെ രാജ്യങ്ങളെ കൂടുതൽ അടുപ്പിക്കുന്നതിനുള്ള അവസരങ്ങൾ ഇത് നൽകുന്നുവെന്ന് ഡൊണാൾഡ് ലു വ്യക്തമാക്കി.
ജി-20-ലെ ഇന്ത്യയുടെ നേതൃത്വം ലോകത്തെ നന്മയ്ക്കുള്ള ശക്തിയായി നിലകൊള്ളാനുള്ള ശേഷിയെ കൂടുതൽ വിശാലമാക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബൈഡനെ കൂടാതെ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ, കൊമേഴ്‌സ് സെക്രട്ടറി ജിന റൈമോണ്ടോ എന്നിവരും ഇന്ത്യ സന്ദർശിക്കും.
Discussion about this post