കണ്ണൂർ: കാർ കത്തി ദമ്പതികൾ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് അന്വേഷണ സംഘം. വാഹനത്തിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമായത് എന്ന് കണ്ണൂർ ആർടിഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ഉത്തരമേഖല ഡെപ്യൂട്ട് ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് കൈമാറിയിട്ടുണ്ട്.
ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് വാഹനത്തിൽ തീ പിടിത്തം ഉണ്ടായത്. കാറിൽ സാനിറ്റൈസറും എയർ ഫ്രഷ്ണറും ഉണ്ടായിരുന്നു. ഇതിലേക്ക് തീ പടർന്നത് തീപിടിത്തം രൂക്ഷമാക്കിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം കാറിൽ നിന്നും കിട്ടിയ മറ്റ് വസ്തുക്കളുടെ രാസപരിശോധനാ ഫലം പുറത്തുവന്നിട്ടില്ല.
ഈ മാസം രണ്ടിനായിരുന്നു കാർ കത്തിയുണ്ടായ അപകടത്തിൽ കുറ്റിയാട്ടൂർ സ്വദേശികളായ ടി.വി പ്രജിത്ത്, ഭാര്യ റീഷ എന്നിവർ മരിച്ചത്. റീഷ പൂർണ ഗർഭിണിയായിരുന്നു. പ്രസവത്തിനായി റീഷയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. ജില്ലാ ആശുപത്രിയ്ക്ക് സമീപമെത്തിയപ്പോൾ കാറിൽ അഗ്നിബാധയുണ്ടാകുകയായിരുന്നു. ഇവർ ഉൾപ്പെടെ ആറ് പേരാണ് കാറിൽ ഉണ്ടായിരുന്നത്. പുറകിലെ സീറ്റിലിരുന്ന മകൾ ഉൾപ്പെടെ നാല് പേരെ ഡോറിന്റെ ലോക്ക് തുറന്ന് രക്ഷിച്ചത് പ്രജിത്ത് ആണ്. എന്നാൽ ഡോറിലേക്ക് തീ പടർന്നതിനാൽ പ്രജിത്തിനും റീഷയ്ക്കും പുറത്തേക്ക് കടക്കാൻ കഴിഞ്ഞില്ല.
Discussion about this post