കൊച്ചി: നഴ്‌സുമാരുടെ മിനിമം വേതനം പുന: പരിശോധിക്കാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ച് ഹൈക്കോടതി. നഴ്‌സുമാരുടെയും ആശുപത്രി മാനേജ്‌മെന്റുകളുടെയും അഭിപ്രായം ആരാഞ്ഞ ശേഷം പുന:പരിശോധന നടത്താനാണ് നിർദ്ദേശം. മൂന്ന് മാസങ്ങൾക്കുള്ളിൽ തീരുമാനമെടുക്കണമെന്നും കോടതി വ്യക്തമാക്കി.
2018 ൽ സംസ്ഥാന സർക്കാർ തീരുമാനിച്ച മിനിമം വേതനമാണ് നിലവിൽ നഴ്‌സുമാർക്ക് നൽകുന്നത്. സ്വകാര്യ മേഖലയിലെ നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിൽ നഴ്‌സുമാർ നടത്തിയ ശക്തമായ സമരങ്ങൾക്ക് ഒടുവിലായിരുന്നു സർക്കാർ നടപടി.
50 കിടക്കകൾ വരെയുളള സ്വകാര്യ ആശുപത്രികളിൽ മിനിമം വേതനം 20,000 രൂപയായിട്ടാണ് അന്ന് നിശ്ചയിച്ചത്. പരമാവധി കുറഞ്ഞ വേതനം 30,000 രൂപയാണ്. എന്നാൽ സർക്കാർ മേഖലയിൽ നഴ്‌സിന്റെ അടിസ്ഥാന ശമ്പളം 39,300 രൂപയാണെന്നും ആ നിരക്കിലേക്ക് സ്വകാര്യ മേഖലയിലെ നഴ്‌സുമാരെക്കൂടി ഉയർത്തണമെന്നും നഴ്‌സുമാരുടെ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം ശമ്പള വർദ്ധന വരുത്തിയത് തങ്ങളോട് ആലോചിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടി മാനേജ്‌മെന്റും കോടതിയെ സമീപിച്ചിരുന്നു. 2018 ൽ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പളം വർദ്ധിപ്പിച്ചത്. അതുവരെ 2009 ലെ മിനിമം വേതനമായിരുന്നു നഴ്‌സുമാർക്ക് നൽകിയിരുന്നത്. ബോണ്ട് ഉൾപ്പെടെയുളള സമ്പ്രദായങ്ങൾക്കെതിരെയും നഴ്‌സുമാർ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു.
Discussion about this post