തിരുവല്ല; കെടി ജലീലിന്റെ ആസാദ് കശ്മീർ പരാമർശത്തിൽ അന്വേഷണ പുരോഗതി അറിയിക്കാൻ പോലീസിന് കോടതി നിർദ്ദേശം. പത്തനംതിട്ട കീഴ് വായ്പൂർ പോലീസിനാണ് തിരുവല്ല കോടതി നിർദ്ദേശം നൽകിയത്. നേരത്തെ ആർഎസ്എസ് ജില്ലാ പ്രചാർ പ്രമുഖ് അരുൺ മോഹൻ നൽകിയ പരാതിയിൽ കോടതി നിർദ്ദേശപ്രകാരമാണ് കീഴ് വായ്പൂർ പോലീസ് ജലീലിനെതിരെ കേസെടുത്തിരുന്നത്.
കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു കേസെടുത്തത്. എന്നാൽ ഇത്രയും നാളായിട്ടും ജലീലിനെ വിളിച്ചുവരുത്താനോ മൊഴിയെടുക്കാനോ പോലീസ് ശ്രമിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിക്കാരൻ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. അന്വേഷണം ഇഴഞ്ഞുനീങ്ങുന്നുവെന്ന് കാണിച്ചായിരുന്നു അരുൺ മോഹൻ വീണ്ടും കോടതിയെ സമീപിച്ചത്.
പരാതി പരിഗണിച്ച കോടതി കേസിലെ അന്വേഷണ പുരോഗതി എത്രയും വേഗം അറിയിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ഇതുവരെയുളള അന്വേഷണ പുരോഗതിയാണ് കോടതിയിൽ ഹാജരാക്കേണ്ടത്. അന്വേഷണ ഉദ്യോഗസ്ഥൻ അത് സംബന്ധിച്ച വിശദീകരണം നൽകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
കശ്മീർ സന്ദർശനത്തിന്റെ അനുഭവം പങ്കുവെയ്ക്കുന്നു എന്ന രീതിയിലായിരുന്നു ഫേസ്ബുക്കിലൂടെ ജലീൽ പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്ന് വിളിച്ചത്. ജമ്മുവിനെയും ലഡാക്കിനെയും ചേർത്ത് ഇന്ത്യൻ അധിനിവേശ കശ്മീർ എന്നായിരുന്നു ജലീൽ സൂചിപ്പിച്ചത്. എന്നാൽ ആസാദ് കശ്മീർ, ഇന്ത്യൻ അധിനിവേശ കശ്മീർ എന്നീ പരാമർശങ്ങൾ വാസ്തവ വിരുദ്ധവും രാജ്യതാൽപര്യത്തിന് എതിരുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അരുൺ മോഹൻ തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. തുടർന്നായിരുന്നു കേസെടുക്കാൻ കോടതി ഉത്തരവിട്ടത്.
Discussion about this post