എറണാകുളം: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് തിരിച്ചടി. കേസിൽ ജാമ്യം ആവശ്യപ്പെട്ട് ശിവശങ്കർ നൽകിയ ഹർജി കോടതി തള്ളി. നിലവിൽ ശിവശങ്കർ റിമാൻഡിലാണ്.
ഇഡിയുടെ വാദം അംഗീകരിച്ചായിരുന്നു കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയത്. നിലവിൽ കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും അതിനാൽ ജാമ്യം നൽകരുതെന്നും ആയിരുന്നു ഇഡി കോടതിയിൽ പറഞ്ഞത്. സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തിയാണ് ശിവശങ്കർ. അതിനാൽ ജാമ്യം നൽകരുത്. ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാദ്ധ്യതയുണ്ട്. ഇത് കേസ് അന്വേഷണത്തെ ബാധിക്കും. കേസ് അട്ടിമറിക്കപ്പെടാൻ സാദ്ധ്യതയുണ്ടെന്നും ഇഡി ജാമ്യ ഹർജിയെ എതിർത്ത് കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇത് കോടതി പൂർണമായി അംഗീകരിക്കുകയായിരുന്നു.
എന്നാൽ കോടതിയിൽ ശിവശങ്കർ ഇത് എതിർത്തു. കോഴക്കേസിൽ പങ്കില്ലെന്ന് ശിവശങ്കർ കോടതിയിൽ ആവർത്തിച്ചു. തനിക്കെതിരെയുള്ളത് മൊഴികൾ മാത്രമാണ്. തന്നെ പ്രതിചേർത്ത പോലീസ് നടപടി തെറ്റാണെന്നും കോടതിയിൽ ശിവശങ്കർ പറഞ്ഞിരുന്നു. എന്നാൽ ഈ വാദങ്ങളെല്ലാം കോടതി തള്ളുകയായിരുന്നു. നിലവിൽ കാക്കനാട് ജയിലിലാണ് ശിവശങ്കർ ഉള്ളത്.
Discussion about this post