എറണാകുളം: ശിവരാത്രി ദിനത്തിൽ ഭക്തരെ വരവേറ്റ് ആലുവ മണപ്പുറം. ഇന്നലെ വൈകീട്ട് മുതൽ വലിയ തിരക്കാണ് മണപ്പുറത്ത് അനുഭവപ്പെടുന്നത്. കൊറോണ ഭീതി ഒഴിഞ്ഞതിന് ശേഷമുള്ള ആദ്യ ശിവരാത്രി ഗംഭീരമാക്കുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡും.
ഇതിന് മുൻപ് 2019 ലാണ് ആലുവ മണപ്പുറത്ത് വിപുലമായ ആഘോഷപരിപാടികൾ നടന്നത്. പിന്നീടുള്ള വർഷങ്ങളിൽ വെറും ചടങ്ങുകൾ മാത്രമായിട്ടായിരുന്നു ശിവരാത്രി ആഘോഷം. ശിവരാത്രി ദിനത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേരാണ് മണപ്പുറത്ത് എത്താറുള്ളത്.
വൈകീട്ടോടെ ക്ഷേത്രത്തിൽ ബലിദർപ്പണ ചടങ്ങുകൾ ആരംഭിക്കും. നാളെ പുലർച്ചെവരെ ചടങ്ങുകൾ നീളും. ഇക്കുറി ഭക്തർക്കായി വിപുലമായ സൗകര്യങ്ങളാണ് മണപ്പുറത്ത് ഒരുക്കിയിരിക്കുന്നത്. ഒരേ സമയം രണ്ടായിരം പേർക്ക് ബലിയിടാനുള്ള സൗകര്യം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്. മണപ്പുറത്തും പരിസരങ്ങളിലും പോലീസും അഗ്നിശമന സേനയും വിന്യസിച്ചിട്ടുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷമെത്തുന്ന ശിവരാത്രിയ്ക്ക് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുക എന്നാണ് നിഗമനം. ഈ സാഹചര്യത്തിൽ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് വൈകീട്ട് നാല് മുതൽ നാളെ ഉച്ചവരെയാണ് നിയന്ത്രണം. തിരക്ക് ഒഴിവാക്കാൻ കെഎസ്ആർടിസി പ്രത്യേക സർവ്വീസുകൾ നടത്തുന്നുണ്ട്. ഇതിന് പുറമേ ആലുവയിലേക്ക് പ്രത്യേക ട്രെയിനുകളും സർവ്വീസ് നടത്തും. കൊച്ചി മെട്രോയും അധിക സർവ്വീസുകൾ നടത്തും.
എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയാണ് ആലുവ മണപ്പുറം ഭക്തരെ വരവൽക്കാനൊരുങ്ങുന്നത്. ജില്ലാ കളക്ടർ രേണു രാജ് കഴിഞ്ഞ ദിവസം മണപ്പുറത്ത് എത്തി മുന്നൊരുക്കങ്ങൾ ഉറപ്പുവരുത്തിയിരുന്നു.
Discussion about this post