തിരുവനന്തപുരം: വ്യവസായ രംഗത്ത് ഉണർവ്വ് നൽകുന്നതിന് മെയ്ക്ക് ഇൻ കേരള പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചു. ഉത്പ്പന്ന നിർമാണ രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ ഉണർവ്വാണ് കേരളത്തെ ഇതിന് പ്രേരിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു.
ഒന്നാം നരേന്ദ്രമോദി സർക്കാർ അധികാരമേറ്റതിന് പിന്നാലെ 2014 സെപ്തംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇത് വലിയ വിജയമായി മാറി. രാജ്യത്തിന്റെ ആഭ്യന്തര ഉൽപാദന മേഖലയ്ക്ക് നിർണായക സംഭാവന നൽകുന്ന രീതിയിലേക്ക് സംരംഭങ്ങളെ ഉയർത്തിക്കൊണ്ടുവരാൻ ഇതിലൂടെ കഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വർഷങ്ങൾക്കിപ്പുറം കേരളവും സമാനമായ ആശയവുമായി രംഗത്ത് എത്തുന്നത്.
മെയ്ക്ക് ഇൻ കേരള പദ്ധതിയുമായി മുന്നോട്ടുപോകാൻ വലിയ ആത്മവിശ്വാസം നൽകുന്ന ഒട്ടേറെ ഘടകങ്ങൾ സംസ്ഥാനത്തിനുണ്ടെന്ന് മന്ത്രി പറഞ്ഞു. വ്യവസായ വകുപ്പ് നടത്തിയ സംരംഭക വർഷം പദ്ധതിയുടെ വിജയവും ഇതിന് ആത്മവിശ്വാസം നൽകുന്നു. സ്റ്റാർട്ടപ്പ് മിഷന്റെയും വ്യവസായ വകുപ്പിന്റെയും പദ്ധതികൾക്ക് കേരളത്തിലെ യുവ സംരംഭക സമൂഹം നൽകുന്ന ആവേശകരമായ പ്രതികരണമാണ് മെയ്ക്ക് ഇൻ കേരള പോലുളള ബൃഹത് പദ്ധതി ഏറ്റെടുക്കാൻ സർക്കാരിന് ആത്മവിശ്വാസം നൽകുന്നതെന്നും മന്ത്രി അവകാശപ്പെട്ടു.
മെയ്ക്ക് ഇൻ കേരളയ്ക്കായി പദ്ധതിക്കാലയളവിൽ 1000 കോടി രൂപ അനുവദിക്കും. ഈ വർഷം ഇതിനായി 100 കോടി രൂപ മാറ്റിവെയ്ക്കും. 2022- 23 സംരംഭക വർഷം പദ്ധതി മികച്ച രീതിയിൽ നടത്തി. ഒരു വർഷത്തിനുളളിൽ ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങി. നിലവിലുളള സംരംഭങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത ആയിരം സംരംഭങ്ങൾക്ക് നാല് വർഷത്തിനുളളിൽ ഒരു ലക്ഷം കോടി രൂപ വിറ്റുവരവ് കൈവരിക്കുന്നതിനുളള സ്‌കെയിൽ അപ്പ് പാക്കേജും സർക്കാർ പ്രഖ്യാപിച്ചിരുന്നതായി മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിന്റെ വ്യവസായ അന്തരീക്ഷത്തെക്കുറിച്ച് സംശയമുളളവർ മുൻ ഐഎഎസ് ഉദ്യോഗസ്ഥനും സംരംഭകനുമായ സി ബാലഗോപാലിന്റെ ബിലോ ദ റഡാർ എന്ന പുസ്തകം വായിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. കേരളം വ്യവസായ നിക്ഷേപത്തിന് അനുകൂലമല്ലെന്ന ധാരണകൾ തിരുത്തുന്നതാണ് പുസ്തകം. കഴിഞ്ഞ 20 വർഷത്തിനുളളിൽ ആരംഭിക്കുകയും വലിയ വിജയം കൈവരിക്കുകയും ചെയ്ത 50 കമ്പനികളുടെ അനുഭവങ്ങളാണ് ഇതിൽ സൂചിപ്പിക്കുന്നതെന്നും മെയ്ക്ക് ഇൻ കേരളയുടെ പ്രഖ്യാപനത്തിൽ മന്ത്രി പറഞ്ഞു.
Discussion about this post