ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ. റായ്ഗർ പുര സ്വദേശി ഹേമന്ത് (48) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ ഡൽഹി പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചത്. ഉടനെ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഫോൺ കോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹേമന്തിനെ പിടികൂടിയത്.
മദ്യലഹരിയിൽ ആയിരുന്നു ഇയാൾ കൺട്രോൾ റൂമിലേയ്ക്ക് വിളിച്ചത് എന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ആറ് വർഷമായി ഇയാൾ തൊഴിൽ രഹിതനാണ്. ജോലി നഷ്ടമായതിന് ശേഷം ഇയാൾ സ്ഥിരമായി മദ്യപിക്കാറുണ്ടെന്നും പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾക്കായി ഹേമന്തിനെ ചോദ്യം ചെയ്തുവരികയാണ്.
Discussion about this post