തിരുവനന്തപുരം: ചലച്ചിത്ര – ടെലിവിഷൻ നടിയും അവതാരകയുമായ സുബി സുരേഷിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. ഭാവിയുള്ള ഒരു കാലാകാരിയാണ് നഷ്ടമായത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചലച്ചിത്ര – ടെലിവിഷൻ നടിയും അവതാരകയുമായ സുബി സുരേഷിന്റെ അകാല വിയോഗത്തിൽ അനുശോചിക്കുന്നു. കൊച്ചിൻ കലാഭവനിലൂടെ കലാരംഗത്ത് എത്തിയ സുബി റിയാലിറ്റി ഷോ, ഹാസ്യ പരിപാടികൾ എന്നിവയിലൂടെ മലയാളി മനസ്സിൽ ഇടം നേടി. സുബിയുടെ നിര്യാണത്തിലൂടെ ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് നഷ്ടപ്പെട്ടത്. അവരുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നു.- മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
വിനോദ വ്യവസായ മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് സുബി സുരേഷ് എന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. അനായാസമായി ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും പ്രേക്ഷകരിൽ ചലനങ്ങൾ ഉണ്ടാക്കാനും സുബിയ്ക്ക് കഴിഞ്ഞിരുന്നു. തിരക്ക് നിറഞ്ഞ വിനോദ വ്യവസായ മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ്. വേഷങ്ങൾ ചെയ്യുമ്പോൾ ഹാസ്യം സ്വയംതന്നെ ആസ്വദിച്ചിരുന്നു എന്ന് സുബിയുടെ കാഥാപാത്രങ്ങളിലൂടെ നമുക്ക് മനസിലാക്കാം. സുബിയ്ക്ക് ആദരാഞ്ജലികളെന്നും ശിവൻകുട്ടി പ്രതികരിച്ചു.
Discussion about this post