കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജ വാർത്ത ചമച്ചുവെന്ന പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് ഓഫീസിൽ പോലീസ് പരിശോധന നടത്തിയത് നാല് മണിക്കൂറോളം. ഓഫീസിലെ കംപ്യൂട്ടറുകളും ഹാർഡ് ഡിസ്‌കുകകളും മറ്റ് രേഖകളും പരിശോധിച്ചെങ്കിലും ഒന്നും പിടിച്ചെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
പ്രോഗ്രാമുകളുടെ ഷൂട്ടിംഗ് മുടങ്ങിയെന്നും റിപ്പോർട്ടേഴ്‌സിന് പുറത്തുപോകാൻ കഴിഞ്ഞില്ലെന്നും കോഴിക്കോട് റീജിണൽ എഡിറ്റർ ഷാജഹാൻ പോലീസിനെ അറിയിച്ചപ്പോൾ സെർച്ചിന്റെ ഭാഗമായിട്ടാണ് നടപടിയെന്നും ചെയ്യാതിരിക്കാൻ നിവൃത്തിയില്ലെന്നുമായിരുന്നു മറുപടി. രാവിലെ 10.45 ഓടെയാണ് ക്രൈംബ്രാഞ്ച് എസിപിയുടെയും മറ്റും നേതൃത്വത്തിൽ പോലീസ് സംഘം ചാനലിന്റെ ഓഫീസിലേക്ക് എത്തിയത്. എഡിറ്റ് സ്യൂട്ടുകളിൽ ഉൾപ്പെടെ പരിശോധന നടത്തിയതായി ചാനൽ ആരോപിച്ചു.
മറ്റ് കേസുകളിൽ കാണാത്ത തിടുക്കം എന്താണ് ഇതിൽ എന്ന ചോദ്യത്തിന് പോലീസ് വ്യക്തമായ മറുപടി നൽകിയില്ല. ഹാർഡ് ഡിസ്‌കുകൾ പരിശോധിച്ചിട്ട് എന്തെങ്കിലും തെളിവ് കിട്ടിയോ എന്ന ചോദ്യത്തിന് അന്വേഷണത്തിന്റെ ഭാഗമായി ചെയ്തതാണെന്നും നോക്കിയിട്ട് ചെയ്യുമെന്നുമായിരുന്നു മറുപടി.
ഇന്നലെ വൈകിട്ട് എടുത്ത കേസിലാണ് ധൃതി പിടിച്ച് ഇത്തരമൊരു നടപടി നടക്കുന്നതെന്ന് കോഴിക്കോട് പ്രസ് ക്ലബ്ബ് പ്രസിഡന്റ് പി.കെ ഫിറോസ് ഖാൻ ചൂണ്ടിക്കാട്ടി. മാദ്ധ്യമസ്വാതന്ത്ര്യത്തിന് നേരെയുളള കടന്നുകയറ്റമാണിതെന്നും ആരോപിച്ചു. മൊത്തം മാദ്ധ്യമങ്ങളുടെയും വാർത്തകളുടെയും മുഴുവൻ വിശ്വാസ്യത തകർത്ത് കളയാനുളള ആസൂത്രിത നീക്കമാണിതെന്ന് പ്രസ് ക്ലബ്ബ് സെക്രട്ടറി പിഎസ് രാകേഷ് ആരോപിച്ചു.
സെർച്ച് വാറണ്ട് പോലും ഇല്ലാതെയായിരുന്നു പോലീസ് പരിശോധന. ഇക്കാര്യം ചാനൽ അധികാരികൾ ചോദിച്ചപ്പോൾ പോലീസിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് പരിശോധനയെന്ന് ആയിരുന്നു മറുപടി.
ലഹരിയുമായി ബന്ധപ്പെട്ട് ചാനൽ സംപ്രേഷണം ചെയ്ത പരമ്പരയിൽ 14 കാരിയായ പെൺകുട്ടി ലഹരി ഉപയോഗത്തെക്കുറിച്ചും ലൈംഗിക ചൂഷണത്തെക്കുറിച്ചും വെളിപ്പെടുത്തൽ നടത്തിയിരുന്നു. പോലീസ് അന്വേഷണത്തിൽ ഇത് വ്യാജ വാർത്തയാണെന്ന് ബോദ്ധ്യപ്പെട്ടതായി കഴിഞ്ഞ ദിവസം പി.വി അൻവർ എംഎൽഎയുടെ ചോദ്യത്തിന് മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പിവി അൻവർ പോലീസിൽ ചാനലിനെതിരെ പരാതി നൽകുകയായിരുന്നു. ഈ പരാതിയിലാണ് പോലീസ് പരിശോധനയ്ക്ക് എത്തിയത്.
Discussion about this post