മുംബൈ: ശിവസേനയുടെ പേരും തിരഞ്ഞെടുപ്പ് ചിഹ്നവും സ്വന്തമാക്കാൻ ഏക്‌നാഥ് ഷിൻഡെ വിഭാഗം 2000 കോടി രൂപയുടെ ഇടപാട് നടത്തിയെന്ന ഉദ്ധവ് പക്ഷ നേതാവ് സഞ്ജയ് റാവുത്തിന്റെ ആരോപണം ഉണ്ടയില്ലാ വെടിയായി. ട്വിറ്ററിലൂടെ ആരോപണം ഉന്നയിച്ച സഞ്ജയ് റാവുത്ത് തെളിവുകൾ പിന്നാലെ നൽകുമെന്നാണ് പറയുന്നത്. അതേസമയം സഞ്ജയ് റാവുത്ത് ആയിരുന്നോ രണ്ടായിരം കോടി രൂപയുടെ ഇടപാടിന്റെ ക്യാഷിയർ എന്ന ചോദ്യവുമായി ഷിൻഡെ വിഭാഗം നേതാക്കളും രംഗത്തെത്തി.
പാർട്ടി ചിഹ്നമായ അമ്പും വില്ലും നഷ്ടമായതോടെയാണ് ഉദ്ധവ് പക്ഷം ഷിൻഡെ വിഭാഗത്തിനെതിരായ ആക്രമണം ഒന്ന് കൂടി കടുപ്പിച്ചത്. ഇതിന് പിന്നാലെയാണ് സഞ്ജയ് റാവുത്ത് ആരോപണവുമായി രംഗത്തെത്തിയത്. എതിർവിഭാഗവുമായി അടുപ്പമുളള ഒരു ബിൽഡർ തന്നോട് വെളിപ്പെടുത്തിയ കാര്യമാണിതെന്നും സഞ്ജയ് റാവുത്ത് പറഞ്ഞിരുന്നു. എന്നാൽ ആരോപണം ബിജെപിയും സഞ്ജയ് റാവുത്ത് പക്ഷവും ഒരുപോലെ തളളിക്കളഞ്ഞു.
സഞ്ജയ് റാവുത്ത് ആയിരുന്നോ ഇടപാടിന്റെ ക്യാഷിയർ എന്നായിരുന്നു ഷിൻഡെ പക്ഷത്തെ നിയമസഭാംഗമായിരുന്ന സദാ സർവ്വാങ്കറിന്റെ ചോദ്യം. തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിയും പോലുളള ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രതിച്ഛായ നശിപ്പിക്കാൻ മാത്രമേ ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങൾ വഴിവെക്കൂവെന്ന് ബിജെപി നേതാവ് സുധീർ മുംഗാതിവാർ പറഞ്ഞു.
Discussion about this post